പത്മ ആശുപത്രിക്കെതിരെ നിരാഹാരസമരം 15 ന്

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലിനിക്കില്‍ പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട ചേറ്റുകുണ്ടിലെ ഗള്‍ഫുകാരന്‍ സാഗറിന്‍റെ ഭാര്യ ദീപയും (36) നവജാതശിശുവും മരണപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആക്ഷന്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുമ്പില്‍ മെയ് 15 ന് നിരാഹാര സമരം നടത്തുന്നു. പ്രസവത്തിന് ശേഷം കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപെടാറുള്ള രോഗം ദീപയെ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയും അനാസ്ഥയും മൂലം ആളുകള്‍ മരണപ്പെട്ടാല്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് പിടിപെടാറുള്ള ഏതെങ്കിലും ഒരു രോഗത്തിന്‍റെ പേര് പറഞ്ഞ് തടിയൂരുകയാണ് പതിവ്.

ഫെബ്രുവരി നാലിനാണ് ദീപ മരിച്ചത്. തലേദിവസമായിരുന്നു പ്രസവിച്ചത്. അന്നുരാത്രി തന്നെ കുഞ്ഞ് മരിച്ചു. ഇതുസംബന്ധിച്ച് ദീപയുടെ വീട്ടുകാരുടെ പരാതിയില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത ബേക്കല്‍ പോലീസ് പദ്മ ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റ് രേഷ്മ സുവര്‍ണയുടെ മൊഴിയെടുത്തിരുന്നു. ഡോക്ടറുടെ അശ്രദ്ധയാണ് രണ്ടുപേരുടെയും മരണത്തിനിടയാക്കിയതെന്നാണ് ദീപയുടെ വീട്ടുകാരുടേയും കര്‍മസമിതിയുടേയും ആരോപണം. ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെന്നും അവര്‍ പറയുന്ന പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു.

ദീപയുടെ മരണത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും രാസപരിശോധനാഫലം വൈകിപ്പിക്കുന്നുവെന്നും ഇതിനെതിരെ പതിനായിരം പേരുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെ നിവേദനം നല്‍കുമെന്നും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. കര്‍മസമിതി ചെയര്‍മാനും പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ എം.കുമാരന്‍, വര്‍ക്കിങ് ചെയര്‍പേഴ്സണ്‍ നാസ്നിം വഹാബ്, സുകുമാരന്‍ പൂച്ചക്കാട്, പി.കെ.അബ്ദുള്ള, ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, ദീപയുടെ ഭര്‍തൃസഹോദരന്‍ കെ.സോഹന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഡോക്ടര്‍ക്കെതിരെ ആരോപണമുന്നയിച്ച് മറ്റൊരു കുടുംബവുമെത്തി. കാഞ്ഞങ്ങാട് മൂലക്കണ്ടത്തെ ബിജിന, ഭര്‍ത്താവ് ജിതേഷ്, ബിജിനയുടെ അമ്മ ഓമന എന്നിവരാണ് മൂന്നുവയസുള്ള മകള്‍ക്ക് ജന്മനാ ശാരീരിക വെല്ലുവിളിയുണ്ടാകാനിടയാക്കിയത് ഡോക്ടറുടെ അശ്രദ്ധമൂലമാണെന്ന് ആരോപിച്ചിരിക്കുന്നത്. ഇതുകൂടാതെ ആശുപത്രിക്കെതിരെ വേറെയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.