മടിക്കൈ സ്കൂളില്‍ റാഗിങ്; വിദ്യാര്‍ത്ഥിക്ക് ഗുരുതരം

മടിക്കൈ: പ്ലസ് വണ്‍ പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിക്ക് നേരെ മടിക്കൈ അമ്പലത്തുകര ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ സഹപാഠികളുടെ ക്രൂരമായ റാഗിങ്.

സ്കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥി ചെമ്മട്ടംവയല്‍ വിവി നിവാസില്‍ കെ.പി.ബാബുവിന്‍റെ മകന്‍ കെ.പി.നിവേദാണ്(19) കൊമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനിരയായത്. താടിയെല്ല് പൊട്ടുകയും പല്ലുകള്‍ ഇളകുകയും ചെയ്ത നിവേദിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സ്കൂളില്‍ നടന്ന ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനാണത്രെ നിവേദിന് നേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ബസ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന നിവേദിനെ കൊമേഴ്സ് വിഭാഗത്തിലെ നാല് വിദ്യാര്‍ത്ഥികള്‍ ചാളക്കടവ് ഭാഗത്തേക്കുള്ള ബസ്റ്റോപ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. അതേസമയം സംഭവത്തെകുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.