ബൈക്കില്‍ കാറിടിച്ച് സ്കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു, മകന് ഗുരുതരം

നീലേശ്വരം: പള്ളിക്കര റെയില്‍വേ മേല്‍പാലത്തില്‍ ബൈക്കിന് പിറകില്‍ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് ബസിലെ ഡ്രൈവര്‍ ഇരിക്കൂര്‍ നിലാമുറ്റം മഖാമിന് സമീപം എട്ടക്കയം സ്വദേശി കെ.വി.ഹുസൈന്‍ കുട്ടിയാണ്(59) മരിച്ചത്. മകന്‍ ഫൈസല്‍ (29) ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ തീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം ഇവരെ ഇടിച്ചിട്ട് ശേഷം നിര്‍ത്താതെ പോയ മാരുതി സെന്‍ കാറ് ബങ്കളത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു. മാവുങ്കാല്‍ സ്വദേശിയും ടിപ്പര്‍ ഡ്രൈവറുമായ ഹൃഷികേശിന്‍റെ കെ എല്‍ 23 എഫ് 8344 നമ്പര്‍ മാരുതി സെന്‍ കാറാണ് വര്‍ക്ക്ഷോപ്പില്‍ നിന്നും നീലേശ്വരം എസ് ഐ മധുസൂദനന്‍ മടിക്കൈയും സംഘവും കണ്ടെടുത്തത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദേശ്, പ്രദീപന്‍ കോതോളി, സനീഷ് എന്നിവരും കാര്‍ കണ്ടെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തെ ബന്ധുവിന്‍റെ മരണവീട്ടില്‍ പോയി തിരിച്ചു വരികയായിരുന്നു അപകടത്തില്‍പെട്ടവര്‍. പ്രവാസിയായ ഹുസൈന്‍ കുട്ടി നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കോളേജ് ബസ് ഡ്രൈവറായത്. അപകടത്തില്‍ പരിക്കേറ്റ മകന്‍ ഫൈസല്‍ കഴിഞ്ഞ മാസം 26 നാണ് കര്‍ണ്ണാടക മടിക്കേരി സ്വദേശിനിയെ വിവാഹം ചെയ്തത്. വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ ഇരുവരെയും അതുവഴി വന്ന വാഹനയാത്രക്കാരും നാട്ടുകാരുമാണ് ആദ്യം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹുസൈന്‍ കുട്ടി മരണപ്പെട്ടു. ഭാര്യ: എ.പി.സൈബുന്നീസ. മക്കള്‍: ഫാസില, പഫ്സീന, ഫസലത്തുന്നീസ, ഫൈസല്‍. മരുമക്കള്‍: റാസിക്, മുഫീര്‍, ഹാഷിര്‍, ഹഷുറ. സഹോദരങ്ങള്‍: ഹാരിസ്, സാബിത്ത് ,ആയിഷ, ഖദീജ, റഹ്മത്ത്, സുബൈദ, സെറീന, റാബി, മറിയം.