കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് സ്റ്റാഫും ഡോക്ടര്‍മാരും ഇല്ലാത്തത് രോഗികളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു. ജില്ലാ ആശുപത്രിയില്‍ ഒ പി വിഭാഗത്തില്‍ ഡോക്ടറെ കാണാന്‍ ഒ പി ടിക്കറ്റ് കിട്ടാന്‍ തന്നെ മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. ടിക്കറ്റ് കിട്ടിയാല്‍ തന്നെ ഡോക്ടറെ കാണാന്‍ വീണ്ടും മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. ഡോക്ടറെ കണ്ട് പരിശോധന കഴിഞ്ഞ് ഡോക്ടര്‍ കുറിക്കുന്ന മരുന്ന് വാങ്ങാന്‍ വീണ്ടും ഏറെ നേരം കാത്തുനില്‍ക്കണം. ഒ.പി ടിക്കറ്റ് കിട്ടാനുള്ള കൗണ്ടറിന് മുമ്പില്‍ പുലര്‍ച്ചെ 4 മണിക്കും 5 മണിക്കും രോഗികളും ബന്ധുക്കളും ക്യൂവില്‍ നില്‍ക്കും. 8 മണിക്കാണ് ടിക്കറ്റ് കൊടുത്തുതുടങ്ങുക. നിലവില്‍ മൂന്ന് ഒ പി ടിക്കറ്റ് കൗണ്ടറുകളാണ് ജില്ലാ ആശുപത്രിയിലുള്ളത്. ഇത് അഞ്ച് കൗണ്ടറുകളാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഡോക്ടര്‍മാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസവും നൂറ് കണക്കിന് രോഗികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നത്. രാവിലെ മുതല്‍ ക്യൂ നിന്ന് രാത്രി വൈകീട്ട് മരുന്നും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും രോഗികളുടെ രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിട്ടുണ്ടാകും. നടുവേദന, കാലുവേദന തുടങ്ങിയ പുതിയരോഗങ്ങളും ഇവരെ പിടികൂടും.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം
