നീലേശ്വരം: സിപിഎം പാര്‍ട്ടി ഗ്രാമമായ പാലായിയില്‍ അപ്രഖ്യാപിക ഊരുവിലക്ക് പ്രഖ്യാപിച്ച് വയോധികയുടെ പറമ്പില്‍ നിന്നും തേങ്ങ പറിക്കുന്നത് തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി അറിയുന്നു. അതേസമയം സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സിഎച്ച് കുഞ്ഞമ്പു എംഎല്‍എയോട് വിശദീകരണം തേടിയതായി സൂചനയുണ്ട്.
പാലായിയിലെ പാര്‍ട്ടി കുടുംബം കൂടിയായ എം.കെ.രാധയുടെ പറമ്പിലെ തേങ്ങപറിക്കുന്നതിനിടയിലാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ഇത് തടയുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഉണ്ടായത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയും പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയതുമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. വീഡിയോ ദൃശ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിക്കുന്ന വാചകങ്ങളും ഉണ്ടായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ രോക്ഷം കൊള്ളിച്ചതത്രെ. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ പാലായില്‍ ഉണ്ടായ സംഭവം പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നതും പ്രതികൂട്ടിലാക്കുന്നതുമായിപ്പോയെന്നാണ് സംസ്ഥാനനേതൃത്വം പറയുന്നത്. സംസ്ഥാനനേതൃത്വം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ സംഭവം നടന്ന സ്ഥലത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന പേരോല്‍ ലോക്കല്‍കമ്മറ്റിയുടെ അടിയന്തിരയോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. ഈ യോഗത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. ഇതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കുക.
അതേസമയം പാലായിയില്‍ തേങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നീലേശ്വരം പോലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഏഴു പേര്‍ പ്രതികളാണ്. വീട്ടുടമയായ രാധയുടെ കൊച്ചുമകള്‍ അനന്യയുടെ പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കളായ ഉദയകുമാര്‍, കെ.പത്മനാഭന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്. ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന അനന്യയുടെ പരാതിയിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. രാധയുടെ പറമ്പില്‍ തേങ്ങ പറിക്കാന്‍ എത്തിയ പടന്നക്കാട് സ്വദേശി ഷാജിയുടെ പരാതിയില്‍ സിപിഎം നേതാവ് ഉദയകുമാര്‍ പ്രവര്‍ത്തകനായ കുഞ്ഞമ്പു എന്നിവര്‍ക്കെതിരെയും നാട്ടുകാരിയായ ലസിതയുടെ പരാതിയില്‍ തേങ്ങ പറിക്കാന്‍ എത്തിയ ഷാജിക്കെതിരെയും നീലേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തത്.