കാസര്‍കോട്: കുണ്ടംകുഴി മാവിനകല്ലില്‍ വീടിന് തീപിടിച്ചു. അകത്തുണ്ടായിരുന്ന കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു. തൊഴില്‍ യന്ത്രങ്ങളും വീട്ടുപകരണങ്ങളും പാത്രങ്ങളും അഗ്നിക്കിരയായി.
ഇന്ന് പുലര്‍ച്ചേ ഒന്നരയോടെ കൂലിത്തൊഴിലാളിയായ ഹാലോജി റാവുവിന്‍റെ വീടിനാണ് തീപിടിച്ചത്. പുലര്‍ച്ചേ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ വീടിന്‍റെ അടുക്കള ഭാഗവും വിറക് പുരയും കത്തുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ പരിസരവാസികളെയും നാട്ടുകാരെയും വിവരമറിയിച്ചു. രണ്ടുമണിക്കൂര്‍ പരിശ്രമിച്ചാണ് തീകെടുത്താനായത്. വീടിന്‍റെ കിടപ്പുമുറിയിലേക്ക് തീപടരും മുമ്പ് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ ഭാഗ്യം കൊണ്ട് ആളപായം സംഭവിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ വിറക് പുരയിലെ അടുപ്പിലെ തീക്കനല്‍ മൂലമോ ആയിരിക്കാം തീപിടിച്ചതെന്ന് സംശയിക്കുന്നു. ഒരുലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറയുന്നു. രാവിലെ ബേഡകം പൊലീസും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.