തോട്ടത്തില്‍ അതിക്രമിച്ചു കയറി റബ്ബര്‍ ടാപ്പിംഗ് നടത്തി

കാസര്‍കോട്: ഉടമസ്ഥന്‍ അറിയാതെ റബ്ബര്‍ തോട്ടത്തില്‍ അതിക്രമിച്ചു കയറി റബ്ബര്‍ ടാപ്പിംഗ് നടത്തിയതായി പരാതി. പൈവളിഗെ, കയ്യാറിലെ പ്രിന്‍സി ഡിസൂസ നല്‍കിയ പരാതിയില്‍ പെര്‍ള, ഇടിയടുക്കയിലെ അഷ്റഫിനും മറ്റു നാലു പേര്‍ക്കും എതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. പരാതിക്കാരിയുടെ ഭര്‍ത്താവ് വോള്‍ട്ടര്‍ ഡിസൂസയുടെ പേരില്‍ ബദിയഡുക്ക ചാലക്കാട്ടുള്ള റബ്ബര്‍ തോട്ടത്തിലാണ് സംഭവം. നവംബര്‍ ഏഴിനും അതിനു മുമ്പ് ഒരാഴ്ചക്കാലവും അതിക്രമിച്ചു കയറി റബ്ബര്‍ ടാപ്പിംഗ് നടത്തി 30,000 രൂപ കൈക്കലാക്കിയെന്നു പരാതിയില്‍ പറഞ്ഞു. പരാതിക്കാരിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. പരാതിക്കാരിയുടെ സഹോദരനാണ് തോട്ടം നോക്കി നടത്തിയിരുന്നത്. ഇയാള്‍ക്ക് അസുഖമായതിനാല്‍ ഒരാഴ്ചക്കാലമായി പോകാന്‍ കഴിഞ്ഞിരുന്നില്ല. അതിന് മുമ്പ് ടാപ്പ് ചെയ്യുന്നതിനായി കാടു വെട്ടിത്തെളിക്കുകയും കമ്പി കെട്ടി ചിരട്ട സ്ഥാപിച്ചിരുന്നതായും പരാതിക്കാരി പറഞ്ഞു. പ്രസ്തുത ചിരട്ടകള്‍ എടുത്തു മാറ്റി വലിയ ചിരട്ടകള്‍ സ്ഥാപിച്ചു മരുന്നു തേച്ചാണ് ടാപ്പിംഗ് നടത്തിയതെന്ന് പ്രിന്‍സി പറഞ്ഞു.