ബളാല്‍ പഞ്ചായത്തിലെ ജലജീവന്‍ പദ്ധതി തുരുമ്പെടുക്കുന്നു

വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കോടികള്‍ മുടക്കി വാട്ടര്‍ അതോററ്റി നടപ്പാക്കിയ ജലജീവന്‍ പദ്ധതി തുരുമ്പെടുത്ത് നശിക്കുന്നു. കൊന്നക്കാട് മുതല്‍ ബളാല്‍ വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ശുദ്ധജലക്ഷാമം മൂലം ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ ഇത് പരിഹരിക്കാനാണ് ജല അതോറിറ്റി 3 കോടിയോളം രൂപ ചെലവില്‍ ജലജീവന്‍ പദ്ധതി തുടങ്ങിയത്.

2022ലാണ് പദ്ധതിയുടെ നിര്‍മാണം കൊട്ടിഘോഷിച്ച് ആരംഭിച്ചത്. ഇതിനായി പദ്ധതി പ്രദേശങ്ങളില്‍ പൈപ്പുകളും വീടുവീടാന്തരം ടാപ്പുകളും ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവ് രേഖപ്പെടുത്താനുള്ള മീറ്ററും സ്ഥാപിച്ചിരുന്നു. തുടക്കത്തിലെ ഒരുമാസം പകുതിയോളം വീടുകളില്‍ വെള്ളം എത്തിയിരുന്നെങ്കിലും പിന്നീട് വെള്ളത്തിന് പകരം ലഭിക്കുന്ന കാറ്റ് മാത്രം. പരാതിയുമായി അതോറിറ്റി അധികൃതരെ സമീപിച്ചപ്പോള്‍ ഉടന്‍ ശരിയാകുമെന്ന് പറയുന്നതല്ലാതെ വെള്ളം മാത്രമെത്തുന്നില്ല. പകരം പണമടയ്ക്കാനുള്ള ബില്ല് മുറയ്ക്ക് എത്തുന്നുമുണ്ട്. മിക്ക സ്ഥലത്തും ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതിനാല്‍ പൈപ്പുകള്‍ പൊട്ടിത്തുടങ്ങി.

വാട്ടര്‍ അതോറിറ്റി അധികൃതരും കരാറുകാരും പദ്ധതിയുടെ പേരില്‍ വന്‍ അഴിമതി നടത്തിയതായി ഗുണഭോക്താക്കള്‍ പറയുന്നു. സ്വന്തമായി കിണര്‍ പോലും ഇല്ലാത്ത കുഴിങ്ങാട്, കമലപ്ലാവ്, പാത്തിക്കര തുടങ്ങിയ കോളനിവാസികള്‍ ഏറെ പ്രതീക്ഷയോടുകൂടിയാണ് പദ്ധതിയെ കണ്ടത്. വെള്ളം ലഭിക്കാത്തതിനെത്തുടര്‍ന്ന് തങ്ങളെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന ആവശ്യവും അധികൃതര്‍ അംഗീകരിക്കാനും തയാറായില്ലെന്നു ഗുണഭോക്താക്കള്‍ പറഞ്ഞു. പദ്ധതി പ്രദേശത്തെ ഗുണഭോക്താക്കള്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മി രൂപീകരിച്ച് പ്രക്ഷോഭം നടത്താനുള്ള ഒരുക്കവും തുടങ്ങി. ജലനിധി പദ്ധതിയുമായി പഞ്ചായത്തിന് ബന്ധമില്ലാത്തതും ജനങ്ങള്‍ക്ക് വിനയായി. തുടക്കത്തില്‍ എല്ലാവരില്‍നിന്നും ഗുണഭോക്തൃ വിഹിതവും കൈപറ്റിയിട്ടുണ്ട്.