കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ തമ്പടിച്ച കവര്‍ച്ചാ സംഘം വിളയാട്ടം തുടരുന്നു. വീട്ടുകാര്‍ കല്യാണത്തിനു പോയ സമയത്ത് വീടു കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവര്‍ന്നു.
ബോവിക്കാനം, പൊവ്വല്‍, മാസ്തിക്കുണ്ടിലെ പ്രവാസി നൗഫലിന്‍റെ വീട്ടിലാണ് കവര്‍ച്ച. വീട്ടില്‍ നൗഫലിന്‍റെ ഭാര്യ താഹിറയും മക്കളുമാണ് താമസം. ഇവര്‍ വ്യാഴാഴ്ച വീടുപൂട്ടി തളിപ്പറമ്പിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിനു പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങള്‍, പതിനായിരത്തോളം രൂപ, റാഡോ ഉള്‍പ്പെടെ ഏതാനും വാച്ചുകള്‍ എന്നിവയാണ് കൈക്കലാക്കിയത്. അലമാരയില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. സംഭവത്തില്‍ ആദൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടന്നിരുന്നു. കുമ്പള സഹകരണ ബാങ്കിന്‍റെ പെര്‍വാഡ് ശാഖ, നീലേശ്വരം കരുവാച്ചേരിയിലെ ബി.എസ്.എന്‍.എല്‍ കോ-ആക്സിയല്‍ സ്റ്റേഷന്‍, ചോയ്യങ്കോട്ടെ ബാറ്ററി കട എന്നിവിടങ്ങളില്‍ കവര്‍ച്ചയും കവര്‍ച്ചാശ്രമവും ഉണ്ടായിരുന്നു. വിദ്യാനഗറിലുള്ള ജില്ലാ കോടതി സമുച്ചയത്തിന്‍റെ പ്രധാന ഗേറ്റിലെ പൂട്ടു പൊളിക്കാനുള്ള ശ്രമവും ഉണ്ടായി.