ഈസ്റ്റ് എളേരിയില്‍ സുപ്രധാനമായ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഇന്ന്

ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജെയിംസ് പന്തമ്മാക്കലിനെ വധിക്കാന്‍ ശ്രമിച്ച കേസിന്‍റെ വിചാരണ മറ്റന്നാള്‍ കാസര്‍കോട് അഡ്ഹോക്ക് സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെ കേസ് ഒത്തുതീര്‍ക്കാന്‍ പന്തമ്മാവനില്‍ സമ്മര്‍ദ്ദമേറി.

ഇതിനായി കഴിഞ്ഞദിവസം കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ ഇരുകൂട്ടരേയും കണ്ണൂരിലേക്ക് വിളിപ്പിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ഇന്ന് വൈകീട്ട് 4 ന് ഈസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയും വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേസുമായി ജെയിംസ് പന്തമ്മാവന്‍ മുമ്പോട്ടുപോയാല്‍ പ്രതികളെ ശിക്ഷിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏത് രീതിയിലും കേസ് ഒത്തുതീര്‍ക്കാന്‍ തിരക്കിട്ട നീക്കം തുടങ്ങിയത്. കേസില്‍ 13 പ്രതികളുണ്ട്. ഇതില്‍ ഒരേ കുടുംബത്തില്‍ നിന്നുതന്നെ അഞ്ചുപേരുണ്ട്. പലരും വിദേശത്ത് ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നവരാണ്. ഒരാള്‍ ഇതിനകം തന്നെ കടല്‍കടന്നുവത്രെ.

പടിഞ്ഞാറേല്‍ മാത്യു, കെ.എ.ജോയി കുര്യാലപ്പുഴ, ജിസണ്‍ജോര്‍ജ് തുരുത്തിപള്ളി, ജെയിസണ്‍ തെന്നിപ്ലാക്കല്‍, അനീഷ് ജോസഫ് ഇലഞ്ഞിമറ്റം, ജോസുകുട്ടി നടുവിലെകുറ്റ്, ജോസ് കുത്തിയതോട്ടില്‍, ജോര്‍ജ് തെക്കേക്കര, ജെയിസണ്‍ തെന്നിപ്ലാക്കല്‍ തുടങ്ങിയവരാണ് പ്രതികള്‍. ഇവരില്‍ തന്നെ രണ്ടുപേര്‍ ഈസ്റ്റ് എളേരി സഹകരണ ബാങ്ക് ജീവനക്കാരാണ്. 2019 ലാണ് കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാല്‍ ടൗണിലിട്ട് ജെയിംസിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടയില്‍ ജെയിംസിന്‍റെ കൈ തല്ലി ഒടിച്ചു. ഇത് നേരില്‍കണ്ടവരാണ് പോലീസുകാരനടക്കമുള്ള സാക്ഷികള്‍.

ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമോ വൈസ് പ്രസിഡണ്ട് സ്ഥാനമോ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനമോ തനിക്കോ താന്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കോ നല്‍കണമെന്നാണ് ജെയിംസ് പന്തമ്മാക്കല്‍ മുമ്പോട്ടുവെച്ചിരിക്കുന്ന ഡിമാന്‍റ്. എന്നാല്‍ പ്രസിഡണ്ട് സ്ഥാനം ജോസഫ് മുത്തോലിയും വൈസ് പ്രസിഡണ്ട് സ്ഥാനം ഫിലോമിന ജോണിയും ഒഴിയാന്‍ സാധ്യതയില്ല. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം ജോര്‍ജ് കരിമഠം ഒഴിയാന്‍ സന്നദ്ധമായാല്‍തന്നെ ഹക്കീംകുന്നില്‍ അതിന് അനുമതി നല്‍കില്ലെന്നാണ് സൂചന. അതേസമയം ഏത് സ്ഥാനവും നല്‍കാമെന്നാണ് ജെയിംസിന് നല്‍കിയിട്ടുള്ള വാഗ്ദാനം. ഒത്തുതീര്‍പ്പ് പൊളിഞ്ഞാല്‍ കേസില്‍ മറ്റന്നാള്‍ ജെയിംസ് പന്തമ്മാക്കല്‍ വിചാരണ നേരിടും. ഒരു പോലീസുകാരനും ഈ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയാണ്. സാക്ഷികളില്‍ മിക്കവരും പക്ഷം ചേരാത്തവരും കൂറുമാറാത്തവരുമാണ്.

മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയും ജെയിംസ് പന്തമ്മാവനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഈസ്റ്റ് എളേരിയിലെ പ്രാദേശികനേതാക്കളില്‍ പലരും. വെള്ളരിക്കുണ്ട് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പ്രത്യക്ഷമായി കുറച്ച് മാറിനില്‍ക്കേണ്ടിവന്ന സെബാസ്റ്റ്യന്‍ പതാലിയും സംഭവം ഒത്തുതീരരുത് എന്ന നിലപാടിലാണെന്നാണ് ചില കോണ്‍ഗ്രസുകാര്‍ പറയുന്നത്. കേസ് ഒത്തുതീരാതിരുന്നാല്‍ പ്രതികളെ ശിക്ഷിക്കും. പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചാല്‍ പതാലി ഈസ്റ്റ് എളേരിയിലെ കോണ്‍ഗ്രസിന്‍റെ രക്ഷകനായി വീണ്ടും അവതരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഭ്രഷ്ട് കല്‍പ്പിച്ചിട്ടുള്ള ഡിസിസി സെക്രട്ടറി മാമുനി വിജയനാണ് ഈസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസിന്‍റെ ചുമതല. സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടിയില്‍ കാലുകുത്താന്‍ ഇടംതേടുന്ന വിജയനാവട്ടെ ഈസ്റ്റ് എളേരിയിലെ കോണ്‍ഗ്രസിന്‍റെ കാര്യം ചിന്തിക്കാന്‍ പോലുമുള്ള സ്വസ്ഥത കിട്ടുന്നില്ല.