വെള്ളരിക്കുണ്ട് : പരപ്പ-കാലിച്ചാമരം റൂട്ടിലെ കോളംകുളം, മാങ്കൈമൂല വളവില്‍ അപകടം പതിവായി. ഇന്ന് രാവിലെ റോഡില്‍ നിന്ന് തെന്നിമാറിയ ഓട്ടോ ഭാഗ്യത്തിനാണ് വലിയ കുഴിയിലേക്ക് പതിക്കാതിരുന്നത്. നിത്യവും നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ജില്ലാ പഞ്ചായത്ത് റോഡാണിത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ് അടക്കം ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. നിരവധി അപകടങ്ങള്‍ നടന്ന സ്ഥലമാണ് മാങ്കൈമൂല വളവ്. ഏറെ ജനരോഷത്തിനു ശേഷം സ്ഥലത്ത് കള്‍വര്‍ട്ട് പണിതിരുന്നുവെങ്കിലും കൂടുതല്‍ കാലം ആയുസ് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വളവിന് സമീപത്ത് രണ്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഏതു സമയത്തും അപകടം സംഭവിക്കാമെന്ന ഭീതിയിലാണ് ഇരു കുടുംബങ്ങളും കഴിയുന്നത്. പൊട്ടിപ്പൊളിഞ്ഞ കള്‍വര്‍ട്ടിലെ കുഴികള്‍ അടച്ചും കൈവരികള്‍ സ്ഥാപിച്ചും അപകടഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.