കണ്ണൂര്‍: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ (26) വധിച്ച കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒമ്പത് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ വി.വി.സുധാകരന്‍ (57), കൊത്തിലതാഴെവീട്ടില്‍ ജയേഷ് (41), ചാങ്കുളത്തുപറമ്പില്‍ സി.പി.രഞ്ജിത്ത് (44), പുതിയപുരയില്‍ പി.പി.അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ ഐ. വി.അനില്‍കുമാര്‍ (52), പുതിയപുരയില്‍ പി.പി.രാജേഷ് (46), വടക്കേവീട്ടില്‍ ഹൗസില്‍ വി.വി.ശ്രീകാന്ത് (47), സഹോദരന്‍ വി.വി.ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഹൗസില്‍ ടി.വി.ഭാസ്കരന്‍ (67) എന്നിവരെയാണ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരല്‍ (143), സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കല്‍ (147), തടഞ്ഞുവയ്ക്കല്‍ (341), ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ (324) വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ചംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്തിനെ 2005 ഒക്ടോബര്‍ മൂന്നിന് രാത്രി ഒമ്പതിനായിരുന്നു കൊലപ്പെടുത്തിയത്. ചുണ്ട തച്ചന്‍കണ്ടി ക്ഷേത്രത്തിനടുത്ത് നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ പഞ്ചായത്ത് കിണറിന് സമീപത്തുവെച്ച് ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് ആര്‍.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രന്‍, പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി.എസ്. ഈശ്വരന്‍, അഡ്വ. പി. പ്രേമരാജന്‍, അഡ്വ. ടി. സുനില്‍ കുമാര്‍ എന്നിവര്‍ ഹാജരായി.