തൊഴിലാളി കടവരാന്തയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബദിയടുക്ക, നീര്‍ച്ചാല്‍, ബിര്‍മ്മിനടുക്കയില്‍ വാടക മുറിയില്‍ താമസക്കാരനായ കൂലിത്തൊഴിലാളിയെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏണിയാര്‍പ്പിലെ ലൈഫ് വില്ലയ്ക്ക് സമീപത്തെ കടവരാന്തയിലാണ് സുള്ള്യ, സോണങ്കേരിയിലെ രാജ(49)നെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 3 മണിയോടെ ഇയാളെ കടവരാന്തയില്‍ കിടക്കുന്നത് ചിലര്‍ കാണുകയും ബദിയഡുക്ക പോലീസില്‍ അറിയിക്കുകയും ചെയ്തിരുന്നതായി പറയുന്നു. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തിയിരുന്നില്ല. രാത്രി പത്തുമണിയോടെ മറ്റൊരു സംഘം ഇതുവഴി സഞ്ചരിക്കുന്നതിനിടയില്‍ രാജന്‍ കിടക്കുന്നത് കണ്ടു. പരിശോധിച്ചപ്പോള്‍ മരിച്ചുവെന്ന് ഉറപ്പാക്കി. വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: കല്യാണി (മാവുങ്കാല്‍).ഭാര്യ:ജയശീല. മക്കള്‍: സന്ധ്യ, വിദ്യ, അഭിഷേക്. മരുമക്കള്‍: കൃഷ്ണന്‍, പ്രഭാകരന്‍. സഹോദരന്‍: അശോകന്‍.