നീലേശ്വരം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്നും കോഴ്സുകള്‍ മാററാന്‍ നീക്കം

നീലേശ്വരം: രാജ്യത്തെ ആദ്യത്തെ വില്ലേജ് ക്യാമ്പസായ കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ നീലേശ്വരം പാലാത്തടത്ത് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും കൂടുതല്‍ കോഴ്സുകള്‍ ഒഴിവാക്കാന്‍ നീക്കം ഇതിന്‍റെ ഭാഗമായി ഒമ്പതിന് സര്‍വ്വകലാശാലയില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് മൂന്ന് ജില്ലകളിലായി ക്യാമ്പസുകള്‍ സ്ഥാപിച്ചത്. പൊതുവില്‍ പിന്നോക്കാവസ്ഥയിലുള്ള കാസര്‍കോടിന്‍റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് 2008 ല്‍ നീലേശ്വരം ക്യാമ്പസിന് തുടക്കമിട്ടത്. മലയാളം, ഹിന്ദി, മോളിക്യൂലാര്‍ ബയോളജി വിഷയങ്ങളുടെ പഠനവകുപ്പുകളും ഐ ടി, എം ബി എ വിഭാഗങ്ങളുടെ സെന്‍ററുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്. അധികം കഴിയും മുമ്പേ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ എം സി എ സെന്‍ററില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുകയും അത് അടച്ച് പൂട്ടുകയും ചെയ്തു. പകരമായി കോഴ്സുകള്‍ അനുവദിക്കപ്പെടുകയോ പ്രസ്തുത കോഴ്സ് പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമമോ സര്‍വകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. രണ്ടു വര്‍ഷം മുമ്പ് ശാസ്ത്ര വിഷയങ്ങളുടെ ഏകീകരണം എന്ന പേരില്‍ എം എസ് സി മോളിക്യൂലാര്‍ ബയോളജി കണ്ണൂര്‍, പാലയാട് ക്യാമ്പസ്സിലേക്ക് മാറ്റി. അതേസമയം മറ്റു പല ശാസ്ത്ര കോഴ്സുകളും ക്യാമ്പസുകളില്‍ നിലനില്‍ക്കുന്നുമുണ്ട്. ഏറ്റവും ഒടുവിലായി മലയാളം , ഹിന്ദി ഡിപ്പാര്‍ട്ട്മെന്‍റുകള്‍ മാറ്റാനാണ് നീക്കം നടക്കുന്നത്. ഈ കോഴ്സ് കൂടി ഇല്ലാതാകുന്നതോടെ ക്യാമ്പസ് തന്നെ ഇല്ലാതാകുന്ന അവസ്ഥയാണുണ്ടാകുക. അനേകം ക്ലാസ്സ് മുറികളും മറ്റു സൗകര്യങ്ങളും ഇതോടെ അനാഥമാകും.