ബീവറേജ് തുറക്കാന്‍ മണിക്കൂറുകള്‍ വൈകി; കാത്തുനിന്ന് മടുത്ത് മദ്യപാനികള്‍

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ച അവധിയായ മദ്യഷാപ്പുകള്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് കഴിഞ്ഞ് 6 മണിക്ക് ശേഷം തുറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പലയിടത്തും ഷാപ്പുകള്‍ തുറന്നത് മണിക്കൂറുകള്‍ വൈകി.

6 മണിക്ക് ബീവറേജ് തുറക്കുമ്പോള്‍ ആദ്യം തന്നെ മദ്യം വാങ്ങാന്‍ 4 മണിമുതലേ മദ്യശാലകളില്‍ ആളുകളുടെ നീണ്ട ക്യൂ ആയിരുന്നു. എന്നാല്‍ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും ബീവറേജസ് ഔട്ട്ലെറ്റ് തുറന്നത് 8 മണികഴിഞ്ഞശേഷം. പലയിടത്തും പോളിങ്ങുകള്‍ വൈകിയതിനാല്‍ മദ്യശാലകള്‍ തുറക്കാന്‍ പാടില്ലെന്ന് പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നുവത്രെ. ഇതാണ് ബീവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ വൈകിയത്. എന്നാല്‍ ബാറുകളാകട്ടെ 6 മണിക്ക് തന്നെ തുറക്കുകയും ചെയ്തു. ബാറുകളില്‍ നിന്നും വന്‍ തുക നല്‍കി മദ്യം വാങ്ങാന്‍ കഴിവില്ലാത്തവരാണ് ബീവറേജസിന് മുന്നില്‍ മണിക്കൂറുകളോളം ക്യൂ നിന്നത്. ഇത് ഒത്തുകളിയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബാറുകള്‍ക്ക് 6 മണിക്ക് തന്നെ മദ്യം നല്‍കാന്‍ അനുമതി നല്‍കുകയും ബീവറേജസ് ഔട്ട്ലെറ്റ് തുറക്കാന്‍ സമ്മതിക്കുകയും ചെയ്യാത്തത് ബാറുകളുമായി അധികൃതര്‍ നടത്തിയ ഒത്തുകളി നടത്തിയതാണെന്ന് മദ്യപാനികള്‍ പറയുന്നു.