ഹണി ട്രാപ്പ്: ശ്രുതിക്കെതിരെ വീണ്ടും കേസ്

കാസര്‍കോട്: നിരവധി പേരെ ഹണി ട്രാപ്പില്‍ കുടുക്കി ഒരുകോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖര(34)നെതിരെ വീണ്ടും കേസ്. വിവാഹ വാഗ്ദാനം ചെയ്ത് പല തവണയായി 11,4000 രൂപ തട്ടിയെന്നാണ് കേസ്. പുല്ലൂര്‍ കൊടവലം ഉദയനഗര്‍ എടമുണ്ടയിലെ അജേഷിന്‍റെ (20) പരാതിയിലാണ് മേല്‍പ്പറമ്പ പോലീസ് കേസെടുത്തത്. അജേഷിന്‍റെ ബന്ധുവായ സുജിത്തിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും പിന്നീട് തട്ടിപ്പ് നടത്തിയെന്നുമാണ് പരാതി. ശ്രുതി ഐ.എസ്.ആര്‍.ഒ യിലെ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവാഹ താല്‍പര്യം അറിയിക്കുകയായിരുന്നു. ഇതിന്‍റെ പേരില്‍ വാട്സ് ആപ്പിലേക്ക് പല പ്രാവശ്യം ബന്ധപ്പെട്ട് പണം വാങ്ങിയെന്നാണ് പരാതി. സുജിത്തിന്‍റെ ഗൂഗിള്‍പെ വഴി 14,000 രൂപയാണ് ആദ്യം വാങ്ങിയത്. പിന്നീട് കഴിഞ്ഞ മാര്‍ച്ച് 31 ന് വ്യാജ വീഡിയോയും ഫോട്ടോയും കാണിച്ച് ഭീഷണിപ്പെടുത്തി കൊടവലത്തുവെച്ച് അരലക്ഷം രൂപയും, ഏപ്രില്‍ 29 ന് പൊയിനാച്ചിയില്‍ വെച്ച് അരലക്ഷം രൂപയും വാങ്ങി ചതിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മേല്‍പ്പറമ്പ പോലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ അറസ്റ്റിലായ ശ്രുതിയെ കഴിഞ്ഞയാഴ്ച റിമാന്‍റ് ചെയ്തിരുന്നു.

ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങള്‍ അന്വേഷിച്ച ബന്ധുവിനെയും, പോലീസ് ഉദ്യോഗസ്ഥനെയും പോക്സോ കേസില്‍ കുടുക്കിയിരുന്നു. ശ്രുതി ചന്ദ്രശേഖരന്‍ വിരിച്ച വലയില്‍ കുടുങ്ങിയ പോലീസുകാരനെതിരെ ആദ്യം സ്ത്രീ പീഡനത്തിനാണ് യുവതി പരാതി നല്‍കിയത്. ജയിലിലായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു. തട്ടിപ്പ് വിവരങ്ങള്‍ പുറത്താവുമെന്ന് മനസിലായതോടെ യുവതി ഈ ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ് നല്‍കുകയായിരുന്നു. പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ശ്രുതിയുടെ മാട്രിമോണിയല്‍ വഴിയുള്ള തട്ടിപ്പിന് ഇരയായതായാണ് സൂചന. ഐ.എസ്.ആര്‍.ഒ യില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐ.എ.എസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയിരുന്നത്.