മണികണ്ഠന്‍ മേലത്ത് പറന്നുവന്നു 38 വര്‍ഷത്തിന് ശേഷം വോട്ട് ചെയ്യാന്‍

നീലേശ്വരം: ചന്ദ്രനില്‍ സ്വന്തമായി സ്ഥലമെടുത്ത് പ്രശസ്തനായ പ്രവാസി വ്യവസായിയും മലയാളിയുമായ മണികണ്ഠന്‍ മേലത്ത് 38 വര്‍ഷത്തിനുശേഷം വോട്ട് ചെയ്തതിന്‍റെ ആവേശത്തിലാണ്.

വിദേശത്ത് ഏറെ തിരക്കുള്ള ഈ വ്യവസായ പ്രമുഖന്‍ വോട്ട് ചെയ്യാന്‍ മാത്രമാണ് നാട്ടില്‍ പറന്നിറങ്ങിയത്. കൊച്ചിയില്‍ വിമാനമിറങ്ങി കോയമ്പത്തൂര്‍ -മംഗ്ളൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസിന് നീലേശ്വരത്ത് എത്തി പള്ളിക്കര സെന്‍റ് ആന്‍സ് യുപി സ്കൂളിലെ 26 നമ്പര്‍ ബൂത്തില്‍ മണിക്കൂറുകളോളം ക്യൂവില്‍ കാത്തു നിന്നാണ് മണികണ്ഠന്‍ വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പിന്‍റെ അത്രയൊന്നും തിരക്കില്ലാതിരുന്ന കാലത്ത് 38 വര്‍ഷം മുമ്പാണ് മണികണ്ഠന്‍ മേലത്ത് നാട്ടില്‍ വോട്ട് ചെയ്തത്. പിന്നീട് ഗള്‍ഫില്‍ പോയതോടെ മണികണ്ഠന്‍റെവോട്ട് അവകാശവും നിലച്ചു. ഈ കാലയളവില്‍ പലവട്ടം നാട്ടിലെത്തിയെങ്കിലും അപ്പോഴൊന്നും വോട്ട് ചെയ്യാനുള്ളഭാഗ്യം ലഭിച്ചില്ല.കഴിഞ്ഞതവണ നാട്ടിലെത്തിയപ്പോള്‍ ബൂത്ത് ലെവല്‍ ഓഫീസറുമായി ബന്ധപ്പെട്ട് വോട്ട് ഉറപ്പിച്ചു. അതുകൊണ്ടുതന്നെ ഇത്തവണ എന്ത് വില കൊടുത്തായാലും വോട്ട് ചെയ്യണം എന്ന് ഉറച്ച വാശിയിലായിരുന്നു മണികണ്ഠന്‍ മേലത്ത്. ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദകരമായ നിമിഷമാണെന്ന് വോട്ട് ചെയ്തതിനുശേഷം മണികണ്ഠന്‍ മേലത്ത് ടൈംസ് ഓഫ് നോര്‍ത്തിനോട് പറഞ്ഞു . ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുക എന്നത് ഏതൊരു ഇന്ത്യക്കാരന്‍റെയും അഭിമാനമാണ്, മുഴുവന്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം.