കണ്ണൂര്‍: സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍, മുന്‍ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ഗോവിന്ദന്‍, ട്രേഡ് യൂണിയന്‍ നേതാവ് ഒ.ഭരതന്‍ എന്നിവരുടെ കണ്ണൂര്‍ പയ്യാമ്പലത്തുള്ള സ്മൃതിമണ്ഡപത്തില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി.
ഇന്ന് രാവിലെ 10 മണിയോടെയാണ് നേതാക്കളുടെ സ്മൃതി മണ്ഡപത്തില്‍ കരി ഓയില്‍ ഒഴിച്ചതായി കണ്ടെത്തിയത്. സംഭവം അറിഞ്ഞ് പയ്യാമ്പലത്തേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഒഴുകിയെത്തുകയാണ്. പി.കെ.ശ്രീമതി ടീച്ചര്‍, എം.ബി.രാജേഷ്, കെ.പി.സഹദേവന്‍ തുടങ്ങിയ നേതാക്കളും സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി.തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ വികൃതമാക്കിയതില്‍ സിപിഎം അണികള്‍ കടുത്തപ്രതിഷേധത്തിലാണ്. സംഭവം അറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.