കാസര്‍കോട്: പരേതാത്മാക്കളുടെ ശാന്തിക്ക് കര്‍ക്കിടക വാവു ദിവസമായ ഇന്ന് തീര്‍ത്ഥസ്നാനങ്ങളിലും ത്രിവേണി സംഗമങ്ങളിലും ഉറ്റവര്‍ ബലി അര്‍പ്പിച്ചു. രാവിലെ ആരംഭിച്ച പിതൃതര്‍പ്പണങ്ങളില്‍ അഭൂതപൂര്‍വ്വമായ ജനക്കൂട്ടം പ്രകടമായിരുന്നു. ചട്ടഞ്ചാല്‍ മഹിഷമര്‍ദ്ദിനി ക്ഷേത്രം ത്രിവേണി സംഗമം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് വന്‍ ജനക്കൂട്ടം ബലി കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. വര്‍ക്കല പാപനാശിനിയിലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം പിതൃതര്‍പ്പണ കര്‍മ്മത്തിനെത്തിച്ചേര്‍ന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ആലുവ ശിവക്ഷേത്ര മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് ഒരുക്കിയത്. കഴിഞ്ഞ മാസം പെയ്ത കനത്ത മഴയില്‍ ക്ഷേത്രം പൂര്‍ണമായും വെളളത്തില്‍ മുങ്ങിയിരുന്നു. ക്ഷേത്രത്തിന് ചുറ്റും പുഴയോരത്തും ചെളി അടിഞ്ഞിരിക്കുന്നതിനാല്‍ പാര്‍ക്കിംഗ് ഏരിയയിലാണ് ബലിത്തറകള്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഇത്തവണ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് മുമ്പ് തന്നെ ഭാരവാഹികള്‍ അറിയിച്ചിരുന്നു.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ഒമ്പത് ബലി മണ്ഡപങ്ങളിലായി ഒരേസമയം 3500ഓളം ഭക്തര്‍ക്ക് ബലിയിടാനുളള സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ രണ്ട് സ്ഥിരം മണ്ഡപങ്ങള്‍ കൂടാതെ ക്ഷേത്ര പരിസരത്തിനുളളില്‍ മൂന്ന് മണ്ഡപങ്ങളും ക്ഷേത്ര മുറ്റത്തും ലങ്ക എന്നറിയുന്ന സമീപ സ്ഥലത്തായി രണ്ട് ബലി മണ്ഡപങ്ങളുമാണ് സജ്ജമാക്കിയത്. ബലിതര്‍പ്പണം കഴിഞ്ഞ് ഭക്തര്‍ക്ക് പുറത്തേക്ക് കടക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ഒരുക്കിയിരുന്നു.
കര്‍ക്കിടക മാസത്തിലെ കറുത്തവാവിലാണ് കര്‍ക്കിടക വാവുബലി ആചരിക്കുന്നത്. ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്മാര്‍ക്കുമാണെന്നാണ് വിശ്വാസം. ജനുവരി 14 മുതല്‍ ആറുമാസത്തേക്ക് ഉത്തരായമം. പിന്നീടുള്ള കാലയളവ് ദക്ഷിണായനവുമാണ്. ഈ കാലയളവ് കറുത്തപക്ഷമാണ്, കറുത്തപക്ഷത്തില്‍ പിതൃക്കള്‍ ഉണരും. ഭൂമിയില്‍ നാം അനുഭവിക്കുന്ന ഒരു മാസം അവര്‍ക്ക് ഒരു ദിവസമാണ്. അങ്ങനെ ആകെയുള്ള 12 മാസങ്ങള്‍ അവര്‍ക്ക് 12 ദിവസങ്ങളായി അനുഭവപ്പെടുന്നു. ഈ 12 ദിവസത്തില്‍ ഏതെങ്കിലുമൊരു ദിവസം പിതൃക്കള്‍ക്ക് അന്നം നല്‍കണം. ആ ദിനമാണ് വാവുബലി, കര്‍ക്കിടക വാവുബലിയെ ആണ്ടുബലിയായി കണക്കാക്കുകയില്ല. കര്‍ക്കിടക വാവുബലി ഇടാത്ത ഉറ്റവരോട് പിതൃക്കള്‍ കോപിക്കുമെന്നും വിശ്വാസമുണ്ട്. പിതൃക്കള്‍ക്കായി ചെയ്യുന്ന കര്‍മത്തെ തര്‍പ്പണം എന്നാണ് പറയുന്നത്.