കാര്യങ്കോട് പുതിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

നീലേശ്വരം: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ആറുവരി ദേശീയപാതയില്‍ മൂന്നുവരി പുതിയ പാലമാണ് പഴയ പാലത്തിന് കിഴക്ക് ഭാഗത്തായി നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.

32 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ 38 മീറ്ററില്‍ ഏഴും 36 മീറ്ററില്‍ ഒരു സ്പാനും ഒമ്പത് തൂണുകളുമാണുള്ളത്. വടക്കുഭാഗത്തെ അപ്പ്രോച്ചുറോഡിന്‍റെ നിര്‍മ്മാണവും ഏതാണ്ട് പൂര്‍ത്തിയായി തെക്കുഭാഗത്ത് അപ്പ്രോച്ചു റോഡിന്‍റെ പണിയും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ അധികൃതര്‍ പറഞ്ഞു. പാലത്തില്‍ ടാറിങ്ങും കൈവരി നിര്‍മ്മാണവും മാത്രമാണ് ബാക്കിയുള്ളത്. പഴയ പാലം അപകടാവസ്ഥയില്‍ ആയതിനാലാണ് മൂന്നുവരിപ്പാലം എത്രയും വേഗത്തില്‍ നിര്‍മ്മിച്ചത്. അടുത്തമാസം അവസാനത്തോടെ പുതിയ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ പഴയപാലം പൊളിച്ചുമാറ്റി ഇവിടെ രണ്ടാമത്തെ മൂന്നുവരി പാലത്തിന്‍റെ നിര്‍മ്മാണവും തുടങ്ങും. 1963 ഏപ്രില്‍ 17ന് അന്നത്തെ മുഖ്യമന്ത്രി ആര്‍.ശങ്കറാണ് കാര്യങ്കോട് പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുന്‍മന്ത്രി എന്‍ കെ ബാലകൃഷ്ണനും അന്നത്തെ എംഎല്‍എ സി കുഞ്ഞികൃഷ്ണന്‍ നായരും പാലം ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.