കാഞ്ഞിരടുക്കം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയര്‍മാനുമായ അബ്രാഹം തോണക്കര(കൊച്ച് 65) അന്തരിച്ചു. ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍ പ്രതീക്ഷ നഷ്ടപ്പെട്ടതോടെ അബ്രാഹത്തിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആദ്യം കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. പിന്നീട് ജില്ലാ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായി. തുടര്‍ന്ന് ജേക്കബ്ബ് വിഭാഗം പാര്‍ട്ടി ജില്ലാസെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായി. ഏതാനും വര്‍ഷം മുമ്പ് ജേക്കബ്ബ് വിഭാഗത്തില്‍ നിന്നും ജോസഫ് വിഭാഗത്തിലേക്ക് മാറുകയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാവുകയുമായിരുന്നു. കാഞ്ഞിരടുക്കം ക്ഷീരോല്‍പ്പാദക സഹകരണസംഘം ഡയറക്ടറായിരുന്നു. കാല്‍നൂറ്റാണ്ടായി കാഞ്ഞിരടുക്കം വൈ എം സി എ ഡയറക്ടര്‍ബോര്‍ഡ് അംഗമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോടോം-ബേളൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വാര്‍ഡില്‍ മത്സരിച്ചിരുന്നു. തടിയംവളപ്പിലെ ആദ്യകാല കുടിയേറ്റക്കാരനായ പരേതനായ തോണക്കര സൈമണിന്‍റെയും മേരിയുടെയും മകനാണ്. ഭാര്യ: അങ്ങാടിക്കടവ് കൊച്ചുവേലിക്കകത്ത് കുടുംബാംഗം എല്‍സി. മക്കള്‍: എബിലിന്‍മരിയ(ഓസ്ട്രേലിയ), ഏയ്ഞ്ചല്‍(എറണാകുളം), എബിന്‍(തടിയന്‍വളപ്പ്). മരുമകന്‍: അരുണ്‍സെബാസ്റ്റ്യന്‍ കാലാപറമ്പില്‍ ചെമ്പനോട (ഓസ്ട്രേലിയ). ചിറ്റാരിക്കാല്‍ എടക്കര മൈലക്കല്‍ ടോമിയുടെ ഭാര്യ ലില്ലി, ചായ്യോം കുമ്പാട്ട് ടോമിയുടെ ഭാര്യ ലീമ, കാഞ്ഞങ്ങാട്ടെ പരേതനായ തയ്യില്‍ സാബുവിന്‍റെ ഭാര്യ ലിസി(എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് കാഞ്ഞങ്ങാട്), ബേബി തോണക്കര (കുവൈത്ത്), കാഞ്ഞിരടുക്കം കല്ലുങ്കക്കുടിയില്‍ അലക്സിന്‍റെ ഭാര്യ ജെസി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്ക്കാരം 21 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കാഞ്ഞിരടുക്കം സെന്‍റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി.ജെ.ജോസഫ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ.എ.ജെ.ജോസഫ്, ജനതാദള്‍ എസ് ജില്ലാ പ്രസിഡണ്ട് പി.പി.രാജു, കര്‍ഷക യൂണിയന്‍ (ജേക്കബ്ബ്) സംസ്ഥാന സെക്രട്ടറി നാരായണന്‍ പള്ളത്തിങ്കാല്‍, കെ.പി.സി.സി സെക്രട്ടറിമാരായ കെ.നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, എം.അസിനാര്‍, മുസ്ലീംലീഗ് ദേശീയ സമിതി അംഗം എ.ഹമീദ് ഹാജി, കേരളാ കോണ്‍ഗ്രസ് (മാണി) സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കേരളാ കോണ്‍ഗ്രസ്(ജോസഫ്) സംസ്ഥാന സെക്രട്ടറി ജോര്‍ജ് പൈനാപ്പള്ളി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ വൈകീട്ട് വീട്ടിലെത്തിക്കും.