മാധ്യമങ്ങള്‍ ഉണ്ണിത്താന് പിന്നാലെ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരും

കാഞ്ഞങ്ങാട്: കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തില്‍ പങ്കെടുത്ത പെരിയയിലെ നാല് കോണ്‍ഗ്രസ് നേതാക്കളെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പരാതിപ്രകാരം കെ.പി.സി.സി പുറത്താക്കിയതിനെ തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തില്‍ പങ്കെടുത്ത ആരെയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ഉണ്ണിത്താന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിച്ചിരുന്നു. ഇതിന് ഉരുളക്ക് ഉപ്പേരി എന്ന കണക്കെ പെരിയ ബാലകൃഷ്ണന്‍ ചുട്ട മറുപടി കൊടുത്തു. ഇതോടെ പ്രതികാരദാഹിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ കെ.പി.സി.സിയിലെ ചില നേതാക്കളെ സ്വാധീനിച്ച് പെരിയ ബാലകൃഷ്ണനടക്കം നാലുപേരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിക്കുകയാണുണ്ടായത്. കേരളത്തില്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും വാഗ്മിയുമാണ് പെരിയ ബാലകൃഷ്ണന്‍.

കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ഉണ്ണിത്താന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. ഡിസിസിക്ക് പ്രസിഡണ്ടും സഹഭാരവാഹികളുമുണ്ടെങ്കിലും ഉണ്ണിത്താന്‍ വിചാരിക്കുന്ന പോലെയാണ് കാര്യങ്ങള്‍ മുമ്പോട്ടുപോകുന്നത്. അടുത്ത് നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉണ്ണിത്താന്‍റെ ഇഷ്ടക്കാരായിരിക്കും സ്ഥാനാര്‍ത്ഥികളെന്ന് ഏതാണ്ട് ഉറപ്പായി. നിയമസഭാ സീറ്റ് നിശ്ചയിക്കുന്നതിലും ഉണ്ണിത്താന്‍ കൈകടത്താനാണ് സാധ്യത. കാര്യങ്ങള്‍ ഇങ്ങനെയെല്ലാം ആയതോടെ ജില്ലയിലെ നിരവധി നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. നാല് കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുകയും ഉണ്ണിത്താനെതിരെ ഹൈമാസ്റ്റ് വിളക്ക് അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും രംഗത്തുവരികയും ചെയ്തതോടെ മാധ്യമങ്ങള്‍ ഉണ്ണിത്താന്‍റെ പിന്നാലെ കൂടിയിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും പൊതുപ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ഇന്നോളമുള്ള ഉണ്ണിത്താന്‍റെ നടപടികളും ചരിത്രവും മാധ്യമങ്ങള്‍ ചികഞ്ഞുതുടങ്ങി. വിവരങ്ങള്‍ ശേഖരിക്കാനായി മാധ്യമപ്രവര്‍ത്തകര്‍ സാമൂഹ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുന്നുണ്ട്. മന്ത്രവാദം, അഴിമതി, ദുസ്വഭാവങ്ങള്‍ തുടങ്ങിയവ അന്വേഷണ പരിധിയില്‍വരും. ഒരുപക്ഷേ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ മലയാളികള്‍ മൂക്കത്ത് വിരല്‍വെക്കുന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടേക്കും. നാവിന് ഏറെ നീളമുള്ള ഉണ്ണിത്താന് മാധ്യമങ്ങളെ പ്രതിരോധിക്കാന്‍ കഴിയണമെന്നില്ല. ഹൈമാസ്റ്റ് വിളക്കുകളുടെ പേരുകള്‍ കാസര്‍കോട് ജില്ലയില്‍ പലയിടത്തും മാറി. ഉണ്ണിത്താന്‍ വിളക്കെന്നാണ് പുതിയപേര്. ഇതിനിടയില്‍ പുറത്താക്കപ്പെട്ട പെരിയയിലെ കോണ്‍ ഗ്രസ് നേതാക്കളോട് മാപ്പപേ ക്ഷ നല്‍കാന്‍ കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടതായി സൂചനയുണ്ട്.