പടന്നക്കാട് മേല്‍പ്പാലത്തില്‍ പാതാളക്കുഴിയും കമ്പികളും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു

പടന്നക്കാട്: മേല്‍പ്പാല നിര്‍മ്മാണത്തില അപാകതമൂലം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു.

മേല്‍പ്പാലത്തിലെ പാതാള കുഴിയില്‍ വീണ് മിക്കവാറും എല്ലാദിവസങ്ങളിലും നിരവധി അപകടങ്ങളാണ് നടക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്. രണ്ട് ദിവസം മുമ്പ് ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ കുഴിയില്‍ വീണ വിദ്യാര്‍ത്ഥിനിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയത്. അതേ സമയത്തുതന്നെ മറ്റ് വാഹനങ്ങള്‍ പാലത്തിലൂടെ വരാതിരുന്നതിനാല്‍ പെണ്‍കുട്ടി ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. പാലത്തില്‍ രൂപപ്പെട്ട കുഴികള്‍ക്ക് പുറമെ പാലം നിര്‍മ്മാണത്തിനായി ഉപയോഗിച്ച ഇരുമ്പ് കമ്പികളും നെട്ടും ബോള്‍ട്ടും പുറത്തേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ ചെറുകിട വാഹനങ്ങളുടെ ടയറുകള്‍ പഞ്ചറാകുന്നതും പതിവാണ്.

പാലം നിര്‍മ്മാണം നടക്കുമ്പോള്‍ തന്നെ ഇതില്‍ അപാകത ഉള്ളതായി നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഓരോ സ്ലാബും വ്യത്യസ്ത ഉയരങ്ങളിലായതിനാല്‍ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തില്‍ നിന്നും വന്‍ ശബ്ദം ഉയരുന്നു. രാത്രികാലങ്ങളില്‍ ഇതിന്‍റെ ശബ്ദം ദൂരസ്ഥലങ്ങളിലേക്ക് വരെ എത്തുന്നതിനാല്‍ പരിസരവാസികള്‍ക്ക് കിടന്നുറങ്ങുവാനും കഴിയുന്നില്ലെന്ന് പരാതിയുണ്ട്. ദേശീയപാതയിലെ ഏറ്റവും മോശമായ പാലങ്ങളിലൊന്നാണ് പടന്നക്കാട്ടേതെന്ന് ദീര്‍ഘദൂര യാത്രക്കാരും വാഹനങ്ങളുടെ ഡ്രൈവര്‍മാരും പറയുന്നു. പന്‍വേല്‍ മുതല്‍ കന്യാകുമാരി വരെയുള്ള രാജ്യത്തെ പ്രധാന ദേശീയപാതയായ എന്‍എച്ച് 66 ല്‍ ദിവസേന പതിനായിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പ്പാലത്തിലാണ് ഈയൊ രു ദുരവസ്ഥ. ഇതോടൊപ്പം തന്നെ പാലത്തിന്‍റെ താഴെയുള്ള സര്‍വ്വീസ് റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. പൊട്ടിപൊളിഞ്ഞ് ഇതിലൂടെ യാത്രപോലും ദുസ്സഹമാണ്. മേല്‍പ്പാലത്തിലെ കുഴിയും പാലത്തിന്‍റെ സമീപന റോഡിന്‍റെ ശോചനീയാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും നഗരസഭാ കൗണ്‍സിലറും പലവട്ടം പരാതി നല്‍കിയിട്ടും മുഖവിലക്കെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലത്രെ.