കാഞ്ഞങ്ങാട്: കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനും കെ.പി.സി.സി സെക്രട്ടറി പെരിയ ബാലകൃഷ്ണനും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കെ.പി.സി.സി ഇരുവര്‍ക്കും നല്‍കിയ വിലക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ ലംഘിച്ചു.
ബാലകൃഷ്ണനെതിരെ ഉണ്ണിത്താന്‍ വീണ്ടും പരസ്യപ്രസ്താവന നടത്തി. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ തന്‍റെ പടന്നക്കാട് ഐങ്ങോത്തെ വീടിന് മുകളില്‍ ബാലകൃഷ്ണന്‍ ആളെവിട്ട് മന്ത്രവാദം നടത്തിയെന്നാണ് ഉണ്ണിത്താന്‍റെ ആരോപണം. രാജ്മോഹന്‍ ഉണ്ണിത്താന്‍ പൊതുവെ ദുര്‍മന്ത്രവാദങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. കാസര്‍കോട് ജില്ലയില്‍ ആദ്യമെത്തിയ ഉണ്ണിത്താന്‍ മേല്‍പ്പറമ്പിലാണ് ആദ്യം താമസിച്ചത്. പിന്നീട് ബേവിഞ്ചയിലെ ഒരു കൂറ്റന്‍ ബംഗ്ലാവിലേക്ക് മാറി. അവിടെനിന്നും പടന്നക്കാട് ഐങ്ങോത്തെ ബംഗ്ലാവിലേക്ക് മാറി. ഇതിനിടയില്‍ അദ്ദേഹം ജ്യോത്സ്യനെ കണ്ട് രാശിവെപ്പിച്ചുവെന്നാണ് പറയുന്നത്. ഐങ്ങോത്തെ ബംഗ്ലാവില്‍ നിന്നും അത്രയൊന്നും സൗകര്യങ്ങള്‍ ഇല്ലാത്ത മാക്കിയില്‍ കുടുംബത്തിന്‍റെ മറ്റൊരുവീട്ടിലേക്ക് മാറി. വീട് ചെറുതാണെങ്കിലും ഇവിടെ മറ്റ് ചില സൗകര്യങ്ങളുണ്ടെന്നാണത്രെ കണ്ടെത്തല്‍. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് വരണാധികാരിക്ക് കൊടുത്ത നാമനിര്‍ദ്ദേശപത്രികയിലെ വിലാസം രാജ്മോഹന്‍ ഉണ്ണിത്താന്‍, മാക്കിയില്‍ വീട് ഐങ്ങോത്ത് പടന്നക്കാട് എന്നാണ്. ഉണ്ണിത്താനും ബാലകൃഷ്ണനും തമ്മിലുള്ള പോരിന് ആധാരമായ കാരണം അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച രണ്ടംഗകമ്മീഷന്‍ മെയ് 20 ന് തെളിവെടുപ്പ് നടത്താനെത്തുമെന്നാണ് സൂചന. എന്നാല്‍ ഇരുവരുടേയും സൗകര്യം പ്രമാണിച്ച് തെളിവെടുപ്പ് നടത്തുന്നത് അങ്ങോട്ടോ ഇങ്ങോട്ടോ മാറാനും സാധ്യതയുണ്ട്. കമ്മീഷന് മുമ്പില്‍ ഉണ്ണിത്താന് അനുകൂലമായി തെളിവ് നല്‍കാന്‍ കാസര്‍കോട്ടെ നേതാക്കള്‍ക്ക് പുറമെ കൊല്ലത്തുനിന്നും ആളുകളെത്തുമെന്ന് പറയുന്നുണ്ട്. അതേസമയം ഉണ്ണിത്താന്‍റെ ചീത്തവിളിക്കും പീഡനത്തിനും ഇരയായ നിരവധി കോണ്‍ഗ്രസുകാര്‍ കമ്മീഷന് തെളിവുനല്‍കിയേക്കും. ഹൈമാസ്റ്റ് വിളക്കുകളാണ് മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. 236 വിളക്കുകള്‍ മണ്ഡലത്തില്‍ സ്ഥാപിച്ചുവെന്നാണ് അവകാശവാദം. ഈ വിളക്കുകളെല്ലാം സ്ഥാപിക്കാന്‍ ഒരു കോണ്‍ട്രാക്ടര്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. സാധാരണ ഒരു വിളക്കിന് 1 ലക്ഷം എന്നതാണ് കമ്മീഷനത്രെ. മണ്ഡലത്തിന്‍റെ പലഭാഗങ്ങളിലും പഞ്ചായത്ത് ഭരണസമിതികള്‍ ഹൈമാസ്റ്റ്വിളക്കുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഹൈമാസ്റ്റ് വിളക്കുകള്‍ തെളിയുമ്പോഴുണ്ടാകുന്ന ഭീമമായ വൈദ്യുതി ചാര്‍ജ് പഞ്ചായത്തുകളാണ് അടക്കേണ്ടത്. ഇതാണ് പഞ്ചായത്ത് ഭരണസമിതികള്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നത്. താക്കീത് നല്‍കിയിട്ടും ഉണ്ണിത്താന്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയത് കെ.പി.സി.സി നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.