നീലേശ്വരം : മൂന്നാംകുറ്റിയിലെ ബീവറേജസ് ഔട്ട്ലെറ്റില്‍ ജൂലൈ 25ന് നടന്ന കവര്‍ച്ച കേസില്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്ന മോഷ്ടാവ് ഹൈടെക് സംവിധാനം ഉപയോഗിച്ച് മോഷണം നടത്തുന്ന പെരും കള്ളനാണെന്ന് പോലീസ്.
കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിയും ഇപ്പോള്‍ കണ്ണൂര്‍ പെരിങ്ങത്തൂര്‍ പടന്നക്കര കര്യാട് താമസിക്കുന്ന സനീഷ് ജോര്‍ജാണ് (43) മറ്റൊരു കേസില്‍ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിലാണ് ബീവറേജസ് കവര്‍ച്ച സമ്മതിച്ചത്. കോടതി റിമാന്‍റ് ചെയ്ത പ്രതിയെ തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യചെയ്യാനുള്ള ഒരുക്കത്തിലാണ് നീലേശ്വരം പോലീസ്. നീലേശ്വരം എസ് ഐ എം.വി.വിഷ്ണു പ്രസാദിന്‍റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേശ് കെ.വി, പ്രബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബീവറേജസ് മോഷണകേസ് അന്വേഷിക്കുന്നത്. ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെ ഉപയോഗപ്പെടുത്തികൊണ്ട് വിവിധ ജില്ലകളിലായി പലതരത്തിലുള്ള കവര്‍ച്ചകളാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. സാധാരണ ഇത്തരക്കാര്‍ സമാനസ്വഭാവമുള്ള കവര്‍ച്ചകളാണ് നടത്താറെങ്കിലും ഇപ്പോള്‍ പിടിയിലായിരിക്കുന്ന സനീഷ് ജോര്‍ജ് കോടതി, മില്ല്, പോസ്റ്റ് ഓഫീസ്, മദ്യശാല തുടങ്ങി എല്ലായിടങ്ങളിലും മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സിസിടിവിയില്‍ പതിഞ്ഞ ചിത്രമാണ് പ്രതിയെ എളുപ്പം പിടികൂടാന്‍ സഹായിച്ചത്. നിലവില്‍ നീലേശ്വരം 1, വിദ്യാനഗര്‍ 3 ഹോസ്ദുര്‍ഗ്ഗ് 1, നാദാപുരം 1, പഴയങ്ങാടി 1, ധര്‍മ്മടം 1, കൊയിലാണ്ടി 1, പാലക്കാട് 2, എന്നിങ്ങനെയാണ് ഇയാളുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള കവര്‍ച്ചാ കേസുകള്‍.