കാഞ്ഞങ്ങാട്: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വനിതാ-ശിശു വികസന വകുപ്പ് സംസ്ഥാനതലത്തില്‍ നല്‍കുന്ന ഉജ്വല ബാല്യം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓരോ ജില്ലയിലും നാല് കുട്ടികള്‍ക്ക് വീതമാണ് പുരസ്കാരം. കാസര്‍കോട് ജില്ലയില്‍ ആവണി ആവൂസ് (അഭിനയം, സംഗീതം), എം.നൈദിക് (ലളിതഗാനം), എം.അശ്വതി കൃഷ്ണന്‍(കായികം), യഥുന മനോജ് (സംഗീതം) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. 6-11 വയസുവരെയുള്ള പൊതുവിഭാഗത്തിലാണ് ആവണി ആവൂസിന് പുരസ്കാരം. 6-11 വരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് എം.നൈദിക്കിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ചന്തേര യുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊയോങ്കരയിലെ ടി.സുധീഷിന്‍റെയും എം.സുവര്‍ണ്ണയുടേയും മകനായ നൈദിക്ക്. 12-18 വയസുവരെയുളള പൊതുവിഭാഗത്തിലാണ് അശ്വതി കൃഷ്ണന് പുരസ്കാരം. കാറഡുക്ക പാണ്ടിയിലെ കെ.കുഞ്ഞികൃഷ്ണന്‍നായരുടേയും എം.സുജാതയുടേയും മകളാണ്. 12-18 വരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് യഥുന മനോജിന് പുരസ്കാരം ലഭിച്ചത്. ചാ യ്യോത്ത് ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് യഥുന. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റികളാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ആവണി ആവൂസിന് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. നെല്ലിത്തറ സ്വാമി രാംദാസ് സരസ്വതി വിദ്യാലയത്തില്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആവണി. ജില്ലാ കലോത്സവങ്ങളില്‍ രണ്ട് തവണ മത്സരിച്ച് നാടോടി നൃത്തം, മോണോ ആക്റ്റ്, ലളിത ഗാനം എന്നിവയില്‍ എ ഗ്രേഡോടുകൂടി കലാതിലകമായി. നിരവധി ടെലിവിഷന്‍ ഷോകളിലും ആവണി വിജയിയായിട്ടുണ്ട് . ആവണി ആവൂസ് മുഖ്യ കഥാപാത്രമായ കുറിഞ്ഞി സിനിമയില്‍ കുറിഞ്ഞി ആയി ഗംഭീര പ്രകടനം കാഴ്ചവെച്ചു. മികച്ച ബാലതാരത്തിനുള്ള ക്രിറ്റിക്സ് അവാര്‍ഡും മീഡിയ സിറ്റി ഫിലിം ഫെയര്‍ അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ മുമ്പ് ആവൂസിന് ലഭിച്ചിട്ടുണ്ട്. അച്ഛന്‍ രാഗേഷ് കുമാര്‍, അമ്മ ശിവാജ്ഞന, സഹോദരന്‍ ശിവകേദാര്‍.