രാജപുരം: എണ്ണപ്പാറ സര്‍ക്കാരി മൊയോലം കോളനിയിലെ എം.സി.രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡിഎന്‍എ പരിശോധനക്കായി അടുത്ത ബന്ധുക്കളുടെ രക്തം ശേഖരിച്ചിട്ട് മൂന്ന് മാസം പിന്നിട്ടു. ഫലം വരാന്‍ കാത്തിരിക്കുകയാണ് രേഷ്മയുടെ കുടുംബം. രേഷ്മയുടെ അച്ഛന്‍ എം.സി.രാമന്‍, മാതാവ് കല്യാണി, സഹോദരി എം.സി.രമ്യ എന്നിവരുടെ രക്തമാണ് ശേഖരിച്ചത്. രാമനെയും കല്യാണിയേയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയാണ് രക്തമെടുത്തത്. സഹോദരി രമ്യ എറണാകുളത്ത് ഭര്‍ത്താവിനോടൊപ്പമാണ് താമസം. രമ്യയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയാണ് രക്തമെടുത്തത്. രേഷ്മയുടെ ഒരു അസ്ഥി കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് കിട്ടിയെന്നാണ് പറയുന്നത്. 2010 ല്‍ കാണാതായ രേഷ്മയുടെ അസ്ഥി എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമല്ല. രേഷ്മ താമസിച്ചിരുന്ന മടിയനിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയെന്നും രേഷ്മയെ താഴെയിറക്കി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ചിത്താരിപുഴയില്‍ ഒഴുക്കിയെന്നുമാണ് പാണത്തൂര്‍ ബാപ്പുകയത്തെ ബിജുപൗലോസ് പോലീസിന് നല്‍കിയ മൊഴി. രേഷ്മയെ കാണാതായ സംഭവത്തില്‍ ബിജുപൗലോസിനെ നിരവധി തവണ പോലീസ് ചോദ്യം ചെയ്തിരുന്നു.
നേരത്തെ പുഴയില്‍ നിന്നും ഒരു പാദസരം കിട്ടിയതായി പറയുന്നുണ്ട്. അഞ്ചുമാസം മുമ്പാണ് രേഷ്മാതിരോധാനകേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ തിരോധാനകേസില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. മൂന്ന് മാസം തികഞ്ഞ മാര്‍ച്ച് 9 ന് അന്വേഷണ പുരോഗതിയായി കാര്യമായൊന്നും ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസന്വേഷണം നടത്താന്‍ ഒരുമാസത്തെ അവധികൂടി കോടതി ക്രൈംബ്രാഞ്ചിന് നല്‍കി. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും ആഴ്ചകളായി കോടതിക്ക് വെക്കേഷനാണ്. അടുത്ത ആഴ്ച കോടതി തുറക്കും. കോടതി തുറന്ന് ശേഷം അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് സമര്‍പ്പിക്കേണ്ടിവരും. പാണത്തൂര്‍ ബാപ്പുകയത്തെ ബിജുപൗലോസിനോടൊപ്പം എറണാകുളത്തേക്ക് പോകുന്നുവെന്നാണ് രേഷ്മ ഏറ്റവും ഒടുവില്‍ 2010 ല്‍ വീട്ടുകാരെ അറിയിച്ചത്. പിന്നീട് രേഷ്മയെ കുറിച്ച് യാതൊരു വിവരവുമില്ല. 15 കൊല്ലം കേസന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് രേഷ്മ ജീവിച്ചിരിപ്പില്ല എന്ന നിഗമനത്തിലെത്തിയിരുന്നു. രേഷ്മയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയതിന് പുറമെ കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയും ഫയല്‍ചെയ്തു. പിന്നീട് കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് റിട്ട് ഹരജി ഫയല്‍ചെയ്തു. ആഴ്ചകള്‍ക്ക് മുമ്പ് ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതി തള്ളി. അതേസമയം കേസന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് കോടതി അന്തിമതീരുമാനം കൈക്കൊണ്ടേക്കും. ഇതിനിടയില്‍ ക്രൈംബ്രാഞ്ച് എറണാകുളത്തെത്തി ബിജുപൗലോസിന്‍റെ ഭാര്യ സ്മിതയുടെ മൊഴിയെടുത്തു. സ്മിത വിവാഹിതയായ മകളോടൊപ്പം എറണാകുളത്താണ് താമസം. ബിജുപൗലോസ് കരാര്‍ ജോലികളുമായി കര്‍ണ്ണാടകയിലും.