വാഹനാപകടത്തില്‍ കുഞ്ഞിക്കണ്ണന് പരിക്ക്

നീലേശ്വരം: കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപം വാഹനാപകടത്തില്‍ പെട്ട മുന്‍ എംഎല്‍എയും കെപിസിസി അംഗവുമായ കെ.പി.കുഞ്ഞിക്കണ്ണന്‍റെ വാരിയെല്ലിനാണ് ക്ഷതം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഡിസിസിയുടെ പരിപാടി കഴിഞ്ഞ് പയ്യന്നൂരിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിര്‍വശത്തു നിന്നുവന്ന ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ദേശീയപാത നിര്‍മ്മാണ സൈറ്റിലെ കോണ്‍ക്രീറ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്‍റെ ഒരു ഭാഗം തകര്‍ന്നു. തത്സമയം കാറില്‍ ഇതുവഴി വന്ന കാസര്‍കോട് മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.കരുണാകരന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ ഡ്രൈവര്‍ പുല്ലൂര്‍ പൊള്ളക്കടയിലെ ഇ.വി.സുരേന്ദ്രനാണ് ഇദ്ദേഹത്തിന് രക്ഷകനായത്. ആദ്യം കെ.പി.കുഞ്ഞിക്കണ്ണനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.