കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി മോണ്‍സിഞ്ഞോര്‍ കുറുപ്പശ്ശേരിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30ന് വത്തിക്കാനിലും, കണ്ണൂര്‍ രൂപത ആസ്ഥാന മന്ദിരത്തിലും ഒരുമിച്ചാണ് നിയമന വാര്‍ത്ത വായിച്ചത്. "രൂപതയ്ക്ക് ദൈവം കരുതലോടെ തന്ന രജതജൂബിലി സമ്മാനമാണ് ഈ നിയമനം", എന്ന മാര്‍പാപ്പയുടെ രേഖ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല വിശദീകരിച്ചു. രാജ്യാന്തര തലത്തില്‍ വിവിധ രാജ്യങ്ങളിലെ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ പ്രവര്‍ത്തന പരിചയം കണ്ണൂരിന്‍റെ വളര്‍ച്ചക്ക് അനുഗ്രഹമാകുമെന്നും അദ്ദേഹം കുട്ടിചേര്‍ത്തു. വത്തിക്കാന്‍റെ മാള്‍ട്ടയിലെ നയതന്ത്രകാര്യാലയത്തില്‍ പേപ്പല്‍ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്‍റ് ആയി സേവനം ചെയ്തു വരികെയാണ് കണ്ണൂരില്‍ സഹായ മെത്രാനായി ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ നിയോഗം. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില്‍ 1967 ഓഗസ്റ്റ് നാലിനാണു ജനനം. പരേതനായ കുറുപ്പശ്ശേരി സ്റ്റാന്‍ലിയുടെയും ഷേര്‍ളിയുടെയും ഏഴു മക്കളില്‍ നാലാമനാണ് ഡോ.ഡെന്നിസ്.
ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റുട്ടില്‍നിന്നും ദൈവശാസ്ത്രത്തിലും കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും തത്വശാസ്ത്രത്തിലും ബിരുദവും റോമിലെ ഉര്‍ബന്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറെറ്റും ഡോ. ഡെന്നീസ് കുറുപ്പശ്ശേരി കരസ്ഥമാക്കിയിട്ടുണ്ട്. 1991 ഡിസംബര്‍ 23 ന് കോട്ടപ്പുറം രൂപതക്കുവേണ്ടി പുരോഹിതനായി അഭിഷിക്തനായ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, തുരുത്തിപ്പുറം സെന്‍റ് ഫ്രാന്‍സിസ് ഇടവകയില്‍ സഹവികാരിയായും കടവാല്‍തുരുത്തു വിശുദ്ധ കുരിശിന്‍റെ ഇടവക, പുല്ലൂറ്റു സെന്‍റ് ആന്‍റണിസ് എന്നിവിടങ്ങളില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയും വികാരിയായും 1997 വരെ സേവനം അനുഷ്ഠിച്ചു.
കോട്ടപ്പുറം രൂപത മുഖപത്രം ദിദിമുസിന്‍റെ പത്രാധിപരും കേരള കത്തോലിക് സ്റ്റുഡന്‍റ്സ് ലിഗ് രൂപതാ ഡയറക്ടറും ആയിരുന്ന ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, 2001 മുതലാണ് വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആഫ്രിക്കയിലെ ബുറുണ്ടിയിലായിരുന്നു ആദ്യ നിയമനം. പിന്നീട്, ഈജിപ്ത്, തായ്ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്, ആഫ്രിക്കയിലെ ഗാബൊണ്‍ എന്നീ നയതന്ത്ര കാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു. 2017 മുതല്‍ യുഎസിലെ വത്തിക്കാന്‍ എംബസിയില്‍ ഫസ്റ്റ് അസിസ്റ്റന്‍റ് ആയിരുന്നു മോണ്‍സിഞ്ഞോര്‍ ഡെന്നിസ്. പുതിയ സഹായ മെത്രാന്‍റെ മെത്രാഭിഷേക ചടങ്ങുകളുടെ തീയതിയും മറ്റു വിശദാംശങ്ങളും രൂപത അധികൃതര്‍ പിന്നീട് തീരുമാനിക്കും.