ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

മടിക്കൈ: മടിക്കൈ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ അശരണരായ അച്ഛനമ്മമാര്‍ക്കായി നിര്‍മിച്ച പുതിയ കെട്ടിടമായ എം.എം. ചാക്കോ മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്‍റെ സ്ഥാപകനായ എം.എം. ചാക്കോ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആരംഭിച്ച ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ഈ കെട്ടിടത്തിന്‍റെ നിര്‍മ്മാണം. അശരണര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട താമസവും പരിചരണവും നല്‍കണമെന്ന അദ്ദേഹത്തിന്‍റെ ദീര്‍ഘകാല ആഗ്രഹത്തിന്‍റെ സാക്ഷാത്കാരമാണ് എം.എം. ചാക്കോ മെമ്മോറിയല്‍ ഹാള്‍. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി, തൃശ്ശൂര്‍ നാട്ടിക ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം കബീര്‍ ഫൈസി ചെറുകോട് എന്നിവര്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രകാശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹൊസങ്കടി ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ച് വികാരി ഫാ. ലൂയിസ് മരിയാദാസ് അനുസ്മരണ പ്രഭാഷണം നടത്തി. തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, ചായ്യോം സെന്‍റ് അല്‍ഫോന്‍സാ ചര്‍ച്ച് വികാരി ഫാ. ജോസഫ് ആനിത്താനം, ഷൈജു കെ. ജോര്‍ജ്, മടിക്കൈ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം വി. ബാലകൃഷ്ണന്‍, വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ ഫൊറോന ചര്‍ച്ച് വികാരി ഡോ. ജോണ്‍സണ്‍ അന്ത്യാംകുളം, തോമാപുരം സെന്‍റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി ഡോ. മാണി മേല്‍വെട്ടം, മാലോം സെന്‍റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോസഫ് തൈക്കുന്നുംപുറം, മുന്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രാജന്‍, കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റല്‍ സ്ഥാപകനും ചെയര്‍മാനുമായ കുഞ്ഞഹമ്മദ്, പരപ്പ വൈഎം സിഎ പ്രസിഡന്‍റ് ജോസ് പാലക്കുടിയില്‍ എന്നിവര്‍ സംസാരിച്ചു.

2003ല്‍ സ്ഥാപിതമായ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം വയോജനങ്ങള്‍ക്കും മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും പരിചരണവും പുനരധിവാസവും നല്‍കിവരുന്ന സ്ഥാപനമാണ്. ഭക്ഷണം, താമസം, ചികിത്സ, കൗണ്‍സിലിംഗ്, മാനസിക പിന്തുണ എന്നിവയിലൂടെ അശരണര്‍ക്ക് സുരക്ഷിതവും അന്തസ്സുറ്റതുമായ ജീവിതം ഉറപ്പാക്കുകയാണ് സ്ഥാപനത്തിന്‍റെ ലക്ഷ്യം. പുതിയ കെട്ടിടം സ്ഥാപനത്തിന്‍റെ സേവനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും അന്തേവാസികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഹായകമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ സുസ്മിത എം. ചാക്കോ സ്വാഗതവും അപര്‍ണ പി. നന്ദിയും പറഞ്ഞു.