പിണറായി, റിയാസ്, വീണ; നേരിടേണ്ടി വരുന്നത് ഒരേസമയം രണ്ട് അന്വേഷണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മരുമകനും എംഎല്‍എയുമായ പി.എ.മുഹമ്മദ് റിയാസിനെയും കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് അന്വേഷണം. ഒരേസമയം സംസ്ഥാന, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വരും. കോടതി നിര്‍ദ്ദേശപ്രകാരം പിണറായി, മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും. ഇതിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിയും കേസെടുക്കും. ഇതോടെ, 2 ഏജന്‍സികളുടെയും ചോദ്യംചെയ്യലിനു പിണറായിക്കു ഹാജരാകേണ്ടിവരും.

വീണയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പിണറായി, റിയാസ് ഉള്‍പ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ.ഡിക്കു ലഭിച്ചത്. കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണമാണ് വീണയ്ക്കെതിരെ ഇ.ഡി നടത്തിയത്. അഴിമതി തടയല്‍ നിയമപ്രകാരം ക്രമക്കേടു കണ്ടെത്തിയാല്‍ അതില്‍ നേരിട്ട് കേസെടുക്കാന്‍ ഇ.ഡിക്ക് അധികാരമില്ല. അതിനുള്ള അധികാരം സംസ്ഥാന പൊലീസിനാണ്. പൊലീസോ വിജിലന്‍സോ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്താല്‍ അതിന്‍റെ അടിസ്ഥാനത്തില്‍ സ്വന്തംനിലയില്‍ അന്വേഷണം നടത്താന്‍ ഇ.ഡിക്കാവും. അതിനുവേണ്ടിയാണ് പൊലീസിനോട് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഫലത്തില്‍, പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസിന്‍റെ അന്വേഷണത്തിനല്ല, മറിച്ച് സ്വന്തം അന്വേഷണത്തിനു വഴിതുറക്കാനുള്ള നീക്കമാണ് ഇ.ഡി നടത്തിയത്.

വിജിലന്‍സ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്താല്‍, അതിന്‍റെ അടിസ്ഥാനത്തില്‍ ഇസിഐആര്‍ (എന്‍ഫോഴ്സ്മെന്‍റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) തയാറാക്കി ഇ.ഡി അന്വേഷണത്തിലേക്കു നീങ്ങും. സാധാരണനിലയില്‍, എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് 10 ദിവസത്തിനുള്ളില്‍ ഇസിഐആര്‍ വരും. ഇതിനുപുറമെ ഹവാല ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിലേക്കും ഇ.ഡി നീങ്ങും. അതില്‍ പിണറായിയുടെ പങ്ക് ഇ.ഡി സംശയിക്കുന്നില്ലെങ്കിലും വീണയും റിയാസും സംശയനിഴലിലാണ്