പിണറായി ഒന്നാം പ്രതി; മകളും മരുമകനും കൂട്ടുപ്രതികള്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) കത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണയ്ക്കും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ വിജിലന്‍സ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. രണ്ട് എഫ്ഐആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും ടി വീണ പ്രതിയാണ്. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. അതേസമയം രണ്ടാമത്തേത് കുഴല്‍പ്പണ കേസാണ്. ഇ.ഡിയുടെ റിപ്പോര്‍ട്ടിന്മേല്‍ വിജിലന്‍സ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തത്. സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ ഡി വിവരങ്ങള്‍ നല്‍കിയത്.

ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസുകളെന്നും മറ്റ് പ്രതികള്‍ ആരെല്ലാമാണെന്നും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കേസുകളില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപവത്കരിക്കുമെന്നാണ് വിവരം. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ പിണറായി വിജയന്‍, ടി വീണ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് ഉച്ചതിരിഞ്ഞ് പരിഗണിക്കും. ഇ ഡി റിപ്പോര്‍ട്ടില്‍ നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തെറ്റാണ് എന്ന വാദം ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ അപ്പീല്‍. ഹൈക്കോടതിയില്‍ നാല് മുതിര്‍ന്ന അഭിഭാഷകരാണ് അപ്പീലുകളില്‍ ഹാജരാകുന്നത്. പിണറായി വിജയന് വേണ്ടി മുന്‍ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് ഹാജരാകും. ടി വീണയ്ക്ക് വേണ്ടി മുന്‍ ഡിജിപി ടി എ ഷാജിയും, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനു വേണ്ടി എസ് ശ്രീകുമാറും ഹാജരാകും. ഹവാല കള്ളപ്പണ ഇടപാടു കേസില്‍ മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി അഡ്വ. ബി രാമന്‍പിള്ളയും ഹാജരാകും.

നേരത്തേ പിണറായി വിജയനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടി അല്ല. സര്‍ക്കാര്‍ അനാവശ്യ ധൃതിയോ വ്യക്തിപരമായ വിരോധമോ കാണിച്ചില്ല. സര്‍ക്കാര്‍ നിയമോപദേശം തേടി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുംമുമ്പ് പരിശോധിക്കണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിഎംആര്‍എല്‍ - എക്സാലോജിക് കേസില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി പിണറായി വിജയനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്