കണ്ണൂര്‍: ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാമൂഹ്യ രംഗത്തെ സേവനങ്ങള്‍ പരിഗണിച്ച് പ്രമുഖ വ്യക്തികള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് ആര്‍ച്ച് ബിഷപ്പ്(എമിരറ്റസ്) മാര്‍. ജോര്‍ജ് വലിയമറ്റത്തേയും, സാമൂഹ്യ പ്രവര്‍ത്തകന്‍ ജോര്‍ജ് തയ്യിലിനേയും തെരഞ്ഞെടുത്തു. തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാനും ഗാന്ധിയനും കുടിയേറ്റക്കാരുടെ പിതാവുമായിരുന്ന ദിവംഗദനായ ബിഷപ്പ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ പേരില്‍ ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡുകള്‍. മലബാറിലേയും ദക്ഷിണ കര്‍ണാടകയിലേയും കുടിയേറ്റ കര്‍ഷകരുടെ അതിജീവനത്തിനായി മാര്‍ ജോര്‍ജ് വലിയമറ്റം നടത്തിയിട്ടുള്ള പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളും ചരിത്രത്തിന്‍റെ ഭാഗമാണ്. മാര്‍ വലിയമറ്റം 25 വര്‍ഷം തലശ്ശേരി അതിരൂപതയുടെ ഇടയനായിരുന്നു. ചെമ്പേരിയില്‍ വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അടക്കം അഞ്ച് യൂണിവേഴ്സിറ്റി കോളേജുകളും 25 ഹയര്‍സെക്കണ്ടറി സ്കൂളുകളും മറ്റ് നിരവധി വിദ്യാലയങ്ങളും സ്ഥാപിച്ചു. കുടിയേറ്റ കര്‍ഷകരുടെ പുതു തലമുറയെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ അനന്ത സാധ്യതകളുടെ ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്തി. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെ വിലയിടിവിനെതിരെ ജാഥ നയിച്ചു, സമരം ചെയ്തു. നിരവധി പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിച്ചു.
നവതിയിലേക്ക് പ്രവേശിക്കുകയാണ് മാര്‍ ജോര്‍ജ് വലിയമറ്റം. മലബാര്‍ കുടിയേറ്റ കര്‍ഷകരുടെ പുതുതലമുറയിലെ കര്‍മ്മശ്രേഷ്ഠനാണ് ദീപിക കണ്ണൂര്‍ എഡിഷന്‍ സര്‍ക്കുലേഷന്‍ മാനേജര്‍ കൂടിയായ ജോര്‍ജ് തയ്യില്‍. വിവിധ സാമൂഹിക സഭാ മേഖലകളിലൂടെ സമൂഹത്തിന് നല്‍കിയ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മാധ്യമ രംഗത്തുണ്ട്. സഭാസാമൂഹ്യ നേതാവ്, കര്‍ഷക ജനകീയ വിഷയങ്ങളിലെ സമരനായകന്‍, വിദ്യാര്‍ത്ഥിയുവജന പ്രവര്‍ത്തകന്‍, മികവാര്‍ന്ന സംഘാടകന്‍ എന്നീ നിലകളില്‍ കഴിവുതെളിയിക്കുകയും തന്‍റെ ജീവിതം നിസ്വാര്‍ത്ഥമായി സമൂഹനന്മയ്ക്കായി സമര്‍പ്പിക്കുകയും ചെയ്ത കര്‍മ്മോത്സുകനാണ് ജോര്‍ജ് തയ്യില്‍. മലബാറിന്‍റെ മോസ്സസ് എന്ന വിശേഷണമുള്ള ബിഷപ്പ് വള്ളോപ്പിള്ളിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി 2006 ല്‍ സ്ഥാപിതമായ സാമൂഹികസാംസ്കാരിക പ്രസ്ഥാനമാണ് ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍. ഗാന്ധിയനും റിട്ട. അധ്യാപകനുമായ മാത്യു എം. കണ്ടത്തിലാണ് ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍റെ പ്രഥമ ചെയര്‍മാന്‍. 20 വര്‍ഷമായി അദ്ദേഹം ഈ സ്ഥാനത്ത് തുടരുന്നു. സ്ഥാനമൊഴിയാന്‍ പല വട്ടം മാത്യു എം കണ്ടം സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും സംഘടനയിലെ മറ്റു പ്രവര്‍ത്തകര്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല.
ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുക, ലഹരിക്കെതിരെയുള്ള പോരാട്ടം, ഐതിഹാസിക കുടിയേറ്റ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുക, മൂല്യാധിഷ്ഠിത ജീവിത ശൈലി അഭ്യസിപ്പിക്കുക, മഹത് വ്യക്തികളെ ആദരിക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. നൂറാം വയസ്സിലും കര്‍മ്മോത്സുകനായ പാലാ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, ഉത്തര്‍പ്രദേശിലെ മിഷനറി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാര്‍ ഡോമനിക്ക് കോക്കാട്ട്, ഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ്, ഫോക്ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ്, എം.ബി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, മോണ്‍. മാത്യു എം. ചാലില്‍, ഗ്രന്ഥകാരന്‍ ജോണ്‍ കച്ചിറമറ്റം എന്നിവരാണ് ഇതിന് മുമ്പ് ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ഹരായത്.
ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ 20-ാം വാര്‍ഷിക സമ്മേളനം നവംബറില്‍ 8ന് ഉച്ചയ്ക്ക് 1.30ന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കും. വാര്‍ഷിക സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ വലിയമറ്റത്തിനും, ജോര്‍ജ് തയ്യിലിനും അവാര്‍ഡ് സമ്മാനിക്കും. പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം. കണ്ടത്തില്‍, ജനറല്‍ സെക്രട്ടറി സണ്ണി ആശാരിപ്പറമ്പില്‍, ഡയറക്ടര്‍മാരായ ഡി.പി. ജോസ്, ഡോ. ജോസ് ജോര്‍ജ് പ്ലാത്തോട്ടം, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഷാജു ജോണ്‍, ജെറി കാരന്താനം, പയസ് ചാലില്‍ എന്നിവര്‍ പങ്കെടുത്തു.