ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ മുറസു ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ ആന്ധ്രയിലും തമിഴനാട്ടിലും മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്മധ്യ ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് 'മുറസു' ചുഴലിക്കാറ്റായി മാറിയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 'അര്‍ണബ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാത്രി 11:30നും പുലര്‍ച്ചെ നാലിനും ഇടയില്‍ ചുഴലിക്കാറ്റ് ആന്ധ്രയില്‍ കരതൊടും. ഇതോടെ നെല്ലൂര്‍ നരസാപുരം തീരം അതീവ ജാഗ്രതയില്‍.
മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും, ചില സമയങ്ങളില്‍ ഇത് 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. പ്രദേശത്ത് എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യുന്നു. നാശനഷ്ടങ്ങള്‍ നേരിടാന്‍ തമിഴ്നാട്ടിലെ വൈദ്യുതിവകുപ്പ് ജീവനക്കാരെ ആന്ധ്രയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു-വിജയ് ഫോണ്‍ സംഭാഷണത്തില്‍ തീരുമാനമായി.
ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കാരണം ചെന്നൈയില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്കുള്ളവ ഉള്‍പ്പെടെ 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കൂടാതെ ആന്ധ്രാപ്രദേശിലെ തീരദേശ മേഖല വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വീസുകളും റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ഇപ്പോള്‍ തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്, ചുഴലി തെക്കന്‍ ആന്ധ്രയില്‍ കരതൊടും. വടക്കന്‍ തമിഴ്നാട്ടില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലും തിരുവള്ളൂരും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, റാണിപ്പേട്ട്, വെല്ലൂര്‍, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
ഇന്ന് പുലര്‍ച്ചെ 2:30ന് ചെന്നൈയില്‍ നിന്ന് ഏകദേശം 260 കിലോമീറ്റര്‍ കിഴക്ക്വടക്കുകിഴക്ക് ദിശയിലായിരുന്നു കാറ്റിന്റെ സ്ഥാനം. കൂടാതെ, നെല്ലൂരില്‍ നിന്ന് 290 കിലോമീറ്റര്‍ കിഴക്ക്തെക്കുകിഴക്കായും, മച്ചിലിപട്ടണത്തില്‍ നിന്ന് 320 കിലോമീറ്റര്‍ തെക്ക്തെക്കുകിഴക്കായും, കാവലിയില്‍ നിന്ന് 310 കിലോമീറ്റര്‍ കിഴക്ക്തെക്കുകിഴക്കായും, ഒംഗോളില്‍ നിന്ന് 330 കിലോമീറ്റര്‍ തെക്കുകിഴക്കായും, വിശാഖപട്ടണത്തില്‍ നിന്ന് 470 കിലോമീറ്റര്‍ തെക്കായുമാണിത്.
വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനക്കും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ 4ാം തീയതി വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.