ഇസ്രയേല്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കവര്‍ന്ന ഗുണ്ടാസംഘം പിടിയില്‍

കാസര്‍കോട്: ഇസ്രയേലിലേക്ക് വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണവും വെള്ളി ആഭരണങ്ങളും കവര്‍ന്ന കേസില്‍ പ്രമുഖ ക്വട്ടേഷന്‍ ഗുണ്ടാസംഘത്തിലെ ആറുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതികളായ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ചെട്ടിപ്പടി സ്വദേശി കാരാച്ചിന്‍റെ പുരക്കല്‍ മുഹമ്മദ് സാദിഖ് (27), അരിയല്ലൂര്‍ സ്വദേശികളായ കുന്നത്തു ഹൗസില്‍ അഹമ്മദ് റഹൂഫ് (27), പൗരകത്തു ഹൗസില്‍ അര്‍ഷാദ് (26), വടക്കേപുറത്ത് മുജീബ് (29), പൊന്നാനി അഴീക്കല്‍ സ്വദേശികളായ കോയലിന്‍റെ പുരക്കല്‍ അബ്ദുല്‍ മജീദ് (26), ഏഴുകടത്തില്‍ ഷമീം (33) എന്നിവരാണ് പിടിയിലായത്.

കാസര്‍കോട്, മംഗലാപുരം, പാലക്കാട്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലുള്ള ആളുകളോട് ഇസ്രയേല്‍ വിസയ്ക്കായി ഒരാള്‍ക്ക് 6.5 ലക്ഷം രൂപ വീതം വേണമെന്ന് വിശ്വസിപ്പിച്ചാണ് സംഘം തുക ആവശ്യപ്പെട്ടത്. ആകെ 65 ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ട സംഘം പരാതിക്കാരെ ഗുരുവായൂര്‍, പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളിലേക്ക് വരുത്തിക്കുകയായിരുന്നു. തുടര്‍ന്ന് ലൊക്കേഷനുകള്‍ മാറി മാറി പറഞ്ഞ് ഒടുവില്‍ അരിയല്ലൂര്‍ ബീച്ചിലേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ ഒക്ടോബര്‍ 25ന് വൈകുന്നേരം ആറിനും പത്തിനുമിടയിലായിരുന്നു സംഭവം. വിസ വാങ്ങാനെത്തിയവരെ 15ഓളം വരുന്ന ഗുണ്ടാസംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ച് കൈവശമുണ്ടായിരുന്ന പണവും വെള്ളിമാലയും മോതിരവും കവരുകയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുക ക്യു ആര്‍ കോഡ് വഴി മാറ്റിച്ചെടുക്കുകയും ചെയ്തു.