40 ലക്ഷം നഷ്ടപ്പെട്ടു; യുവതി ജീവനൊടുക്കി

പയ്യന്നൂര്‍: ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നയച്ച 40 ലക്ഷം രൂപ കൈമോശം വന്നതിനെ തുടര്‍ന്ന് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. എരമം ഓയോളത്തെ എന്‍. കെ. മുരളീധരന്‍റെയും സി. ഇന്ദിരയുടെയും മകള്‍ നെടുമണ്ണില്‍ മേഘയാണ് (32) മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഒക്ടോബര്‍ 7ന് രാത്രിയാണ് മേഘ വിഷം കഴിച്ചത്. വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ മേഘയെ ബന്ധുക്കളും പരിസരവാസികളും ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. പണം ഏതുവഴിക്ക് നഷ്ടപ്പെട്ടുവെന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് പല തവണയായി അയച്ച 40 ലക്ഷം വീടുവാങ്ങാന്‍ ബാങ്കില്‍ നിന്ന് എടുക്കണമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഭര്‍ത്താവ് ബിനീഷ് (കുന്നരു). മകള്‍: ജാന്‍വി.