പിണറായി സര്‍ക്കാര്‍ വിദേശയാത്രക്ക് ചെലവിട്ടത് 22.7 കോടി

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് സര്‍ക്കാറുകളുടെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യാത്രകള്‍ക്കായി 22,7,46058 രൂപ (22.7 കോടി) ചെലവിട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അറിയിച്ചു. 235 യാത്രകളാണ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 44 യാത്ര നടത്തി. പിണറായി വിജയന്‍, ഭാര്യ കമല, പഴ്സനല്‍ അസിസ്റ്റന്‍റ് വി.എം.സുനീഷ് എന്നിവര്‍ വിദേശയാത്രയുടെ വിമാനക്കൂലി ഇനത്തില്‍ കൈപ്പറ്റിയത് 1.15 കോടി രൂപയാണ്. 2016 മുതല്‍ ഔദ്യോഗികം, സ്വകാര്യം, ചികിത്സാര്‍ഥം എന്നീ ആവശ്യങ്ങള്‍ക്കായി അമേരിക്ക ഉള്‍പ്പെടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ വിമാനക്കൂലിയായാണ് ഇത്രയും തുക കൈപ്പറ്റിയിരിക്കുന്നത്. 2016 -21 കാലത്ത് പിണറായി വിജയനും സുനീഷും യുഎഇ, യുഎസ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ വിമാനക്കൂലിയായി 12,91,681 രൂപയും കൈപ്പറ്റി. ഇതില്‍ 21 എണ്ണം ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ്. ബാക്കി സ്വകാര്യ ആവശ്യങ്ങള്‍ക്കും ചികിത്സാര്‍ഥവും. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ 15 തവണയും മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ 14 തവണയും വിദേശത്തുപോയി.

മന്ത്രി പി. പ്രസാദ് നടത്തിയ 11 യാത്രകളും സ്വകാര്യ ആവശ്യത്തിനാണ്. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, കെ. രാജന്‍, ആന്‍റണി രാജു, തോമസ് ചാണ്ടി, സി. രവീന്ദ്രനാഥ്, അഡ്വ. മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖന്‍ എന്നിവര്‍ ഒറ്റത്തവണയേ വിദേശത്ത് പോയിട്ടുള്ളൂ. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിദേശയാത്ര നടത്തിയത് ഒമ്പത് മന്ത്രിമാര്‍. ഒ.ജെ. ജെനീഷ് (ഒമാന്‍, ഖത്തര്‍), മോന്‍സ് ജോസഫ് (യുഎഇ), ടി. സിദ്ദീഖ് (സൗദി), ബിന്ദു കൃഷ്ണ (ബഹ്റൈന്‍), രമേശ് ചെന്നിത്തല (യുഎഇ, യുഎസ്എ), കെ.എം. ഷാജി (ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്സര്‍ലാന്‍ഡ്, യുഎഇ), പി.സി. വിഷ്ണുനാഥ് (ബഹ്റൈന്‍, യുഎഇ), വി.ഇ. അബ്ദുല്‍ ഗഫൂര്‍ (യുഎഇ), ഷിബു ബേബി ജോണ്‍ (യുഎഇ) എന്നിവരാണിവര്‍. ഇതില്‍ പി.സി. വിഷ്ണുനാഥ് യുഎഇയിലേക്ക് പോയത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ്. മറ്റു മന്ത്രിമാര്‍ സ്വന്തം നിലക്കാണ് യാത്ര ചെയ്തത്. എല്ലാ യാത്രകള്‍ക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഉണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.