സ്കൂള്‍ ഉച്ചഭക്ഷണത്തിന് കുഴിമന്തിയും ബിരിയാണിയും

മടിക്കൈ: വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം പൊതുജന പങ്കാളിത്തത്തോടെ സ്കൂള്‍ ഉച്ചഭക്ഷണം രുചികരവും പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണവുമാക്കുക എന്ന പദ്ധതിയുമായി മുന്നേറുകയാണ് പൂത്തക്കാല്‍ ഗവ:യു.പി.സ്കൂള്‍. പൂര്‍വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമുള്‍പ്പെടുന്ന കൂട്ടായ്മയില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ആധുനിക കാലഘട്ടത്തിന്‍റെ രുചി കൂട്ടായ കുഴിമന്തി, ബിരിയാണി, തുടങ്ങിയ പോഷകാഹാരങ്ങള്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് സ്കൂള്‍ കൂട്ടായ്മ. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അനഘ, മേഘ, കൃഷ്ണ്രപ്രിയ എന്നിവരുടെ പിറന്നാള്‍ സമ്മാനമായി മാതാപിതാക്കളായ നിരളിയിലെ എന്‍. പി. അശോകന്‍, വിജയ അശോക് എന്നിവരാണ് ഇത്തവണ സ്പെഷ്യല്‍ ഉച്ചഭക്ഷണമായി കുഴിമന്തി നല്‍കിയത്. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി. എന്നിവരുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി അണിനിരന്നു. എഞ്ചിനീയര്‍ കൂടിയായ ഷഫീഖ് റഹ്മാന്‍ നാര, ഭാര്യ സുനീറ ഷഫീഖ് എന്നിവരാണ് പ്രതിഫലം പോലും വാങ്ങാതെ രുചികരമായ ഭക്ഷണം പാകം ചെയ്തത് നല്‍കിയത്. പി.ടി.എ. പ്രസിഡന്‍റ് എം.സതീശന്‍, എസ്.എം. സി. ചെയര്‍മാന്‍ കെ. ജനാര്‍ദനന്‍ മദര്‍ പി.ടി.എ. പ്രസിഡന്‍റ് സരിത തീയര്‍പാലം, പ്രധാനധ്യാപകന്‍ എം.രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.