കോടതിയെ വെല്ലുവിളിച്ചു, മറ്റുള്ളവരെയും കൊല്ലുമെന്ന് ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമര കോടതിക്ക് മുന്നില്‍ ഭീഷണി മുഴക്കി. കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് മുമ്പാകെയാണ് ഇയാള്‍ ഭീഷണിമുഴക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ ആദ്യം ഒന്നും പറയാനില്ലെന്ന് അറിയിച്ച ചെന്താമര പിന്നീട്, 'തൂക്കിലേറ്റിക്കോളൂ' എന്നും 'മറ്റുള്ളവരെയും കൊല്ലു'മെന്നും ഭീഷണി മുഴക്കി. 'ഒരു ചെകിടത്തടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ ഞാന്‍ ഗാന്ധിജി അല്ലെന്നും എഴുതാന്‍ പറ്റുന്നത് എഴുതിക്കോ' എന്നും ചെന്താമര പറഞ്ഞു. തനിക്ക് തടസ്സംനില്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്നും പ്രതി കോടതിയില്‍ പറഞ്ഞു. ചെന്താമര നേരത്തെയും മാധ്യമങ്ങള്‍ക്ക് മുന്നിലും ഭീഷണി മുഴക്കിയിരുന്നു. കേസിലെ സാക്ഷികളെ ഇല്ലാതാക്കുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷിയായ പുഷ്പ എന്ന അയല്‍വാസി, ചെന്താമര പുറത്തിറങ്ങിയാല്‍ തങ്ങളെയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഭയം കാരണം ഇവര്‍ക്ക് സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ കോയമ്പത്തൂരിലേക്ക് താമസം മാറേണ്ടിവന്നു.