അരിക്കൊപ്പം പലവ്യഞ്ജനങ്ങള്‍ക്കും തീവില

തിരുവനന്തപുരം: കേരളം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പൊതുവിപണിയില്‍ കാണുന്നത്. അരിക്കൊപ്പം നിത്യോപയോഗ സാധനങ്ങളായ പലവ്യഞ്ജനങ്ങള്‍ക്കും പത്ത് ദിവസത്തിനുള്ളില്‍ വന്‍തോതിലാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. മഴയുടെ കുറവ് മൂലം മറ്റ് സംസ്ഥാനങ്ങളില്‍ അരി ഉല്‍പ്പാദനം കുറഞ്ഞതും ഇന്ധനവില വര്‍ദ്ധനവും പാചകവാതക ക്ഷാമവും വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഓണക്കാലം വിലക്കയറ്റത്തില്‍ പൊള്ളുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

അരികച്ചവടത്തില്‍ സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മട്ട വടി അരിക്ക് കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 65 രൂപയായി ഒറ്റയടിക്ക് വര്‍ദ്ധിച്ചു. സുലേഖ അരിക്ക് 45ല്‍ നിന്ന് 55 രൂപയായും, ജയ അരിക്ക് 45ല്‍ നിന്ന് 54 രൂപയായും വില ഉയര്‍ന്നു. അരിവില വര്‍ദ്ധിച്ചതോടെ ഹോട്ടലുകളില്‍ ഊണിന് 90 രൂപ മുതല്‍ 100 രൂപ വരെ നല്‍കേണ്ടി വരുമെന്നാണ് സൂചന. അരി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു കൃഷിക്കാലം നഷ്ടമായതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

പലവ്യഞ്ജനങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പഞ്ചസാര കിലോയ്ക്ക് 45ല്‍ നിന്ന് 55 രൂപയായി ഉയര്‍ന്നു. ഉഴുന്ന് വില 130ല്‍ നിന്ന് 150ലേക്ക് എത്തിയതോടെ പ്രഭാതഭക്ഷണ ശീലങ്ങളെപ്പോലും ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മുളകിന്‍റെ വിലയിലാണ് ഏറ്റവും ഭീമമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധരണ മുളകിന് കിലോയ്ക്ക് 100 രൂപയും കാശ്മീരി മുളകിന് 150 രൂപയുമാണ് വര്‍ദ്ധിച്ചത്. പയറിന് കിലോയ്ക്ക് 20 രൂപയുടെ വര്‍ദ്ധനവുമുണ്ടായിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ മഴ കുറഞ്ഞത് വിളവെടുപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വിളവ് ഉണ്ടാകില്ലെന്ന ആശങ്കയില്‍ കര്‍ഷകര്‍ സ്റ്റോക്ക് കൈമാറാതെ പിടിച്ചുവെക്കുന്നതും വിതരണത്തില്‍ ക്ഷാമമുണ്ടാക്കുന്നു. സര്‍ക്കാരിനും എഫ്.സി.ഐക്കും പോലും ആവശ്യമായ അരി ശേഖരിക്കാന്‍ കഴിയുമോ എന്ന സംശയം വ്യാപാരികള്‍ പങ്കുവെക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കച്ചവടക്കാരുടെ ആവശ്യം.