ഗര്‍ഭാശയ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ എത്തിയ വടകര സ്വദേശി പി. തങ്കമണി (49) മരണപ്പെട്ടു. ചികിത്സപിഴവിനെ തുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ഈ മാസം അഞ്ചിനാണ് ശസ്ത്രക്രിയയ്ക്കായി തങ്കമണിയെ കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8നായിരുന്നു സര്‍ജറി, 9ന് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് 10ന് രക്തം ഛര്‍ദ്ദിച്ചു. 11ന് വീണ്ടും സര്‍ജറി നടത്തി. ഇന്നലെ മരണം സംഭവിച്ചു.