നീലേശ്വരം: ചെറുവത്തൂര്‍ ജി.ടി.എച്ച്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു.സംഭവത്തിന് പിന്നിലെ സാഹചര്യങ്ങള്‍ വിശദമായി അന്വേഷിച്ച് യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് പരാതി നല്കി. അഴിത്തല തൈക്കടപ്പുറം പണ്ടാരപറമ്പിലെ പി പി സന്തോഷ് - നിഷ ദമ്പതികളുടെ മകന് നീരജ് സന്തോഷിനെ(15) ആണ് നവംബര്‍ ഒന്നിന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. മരണ ദിവസം വീടിന് മുന്നില്‍നിന്ന് ഓട്ടോറിക്ഷയില്‍ കടിഞ്ഞിമൂല ഭാഗത്തേക്ക് പോയ നീരജ് തിരിച്ചെത്തിയപ്പോള്‍ മുഖത്ത് അടിയേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി കുടുംബം പരാതിയില്‍ ആരോപിക്കുന്നു. മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ കുട്ടിയുടെ പെരുമാറ്റത്തിലും മാറ്റം പ്രകടമായിരുന്നു. വീട്ടുകാരോട് സംസാരിക്കാതെ ഒറ്റപ്പെട്ട നിലയില്‍ കഴിയുകയും പഠനത്തില്‍ താല്പര്യം കുറയുകയും ചെയ്തിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. സ്കൂളില്‍നിന്ന് മാനസിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. ശിക്ഷയുടെ പേരില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സ്കൂളിലെ സ്റ്റോര്‍ റൂമില്‍ കുട്ടിയെ നിര്‍ത്തിയിരുന്നതായി അറിഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.മകന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണമെന്നും സംഭവത്തില്‍ ഉത്തരവാദികളുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇന്നലെയാണ് മാതാപിതാക്കള്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; ഡി.വൈ.എസ്.പിക്ക് പരാതി
You may also like