കുമ്പളപ്പള്ളിڊമൂര്‍ഖന്‍ വള്ളി പാലം 20ന് തുറക്കും

കരിന്തളം: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും യാത്രാദുരിതങ്ങള്‍ക്കും വിരാമമിട്ട് കുമ്പളപ്പള്ളിڊമൂര്‍ഖന്‍ വള്ളി റോഡില്‍ പുതിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. കുമ്പളപ്പള്ളി ചാലിന് കുറുകെ ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ 35 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്. ഈ മാസം 20ന് വൈകുന്നേരം നാലു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു അബ്രഹാം പാലം ഉദ്ഘാടനം ചെയ്യും. പുതിയ പാലം യാഥാര്‍ഥ്യമായതോടെ ചിമ്മത്തോട്, വരയില്‍, മൂര്‍ഖന്‍ വള്ളി പ്രദേശങ്ങളിലെ അന്‍പതിലേറെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകും.

വര്‍ഷങ്ങളായി പ്രദേശവാസികള്‍ ആശ്രയിച്ചിരുന്നത് മരപ്പാലത്തെയായിരുന്നു. മഴക്കാലത്ത് ചാലില്‍ വെള്ളം ഉയരുന്നതോടെ മരപ്പാലത്തിലൂടെയുള്ള യാത്ര ഏറെ അപകടകരമായി മാറിയിരുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവന്‍ പണയംവെച്ചാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്. പാലമില്ലാത്തതിനാല്‍ മഴക്കാലത്ത് പ്രദേശവാസികള്‍ക്ക് കിലോമീറ്ററുകള്‍ ചുറ്റി വരയില്‍ റോഡിലൂടെ സഞ്ചരിക്കേണ്ടി വന്നിരുന്നു. റേഷന്‍ കടയിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോകാന്‍ പോലും വലിയ പ്രയാസമാണ് നേരിട്ടിരുന്നത്. ഇതുമൂലം വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ ഏറെ ദുരിതമനുഭവിച്ചു. കുമ്പളപ്പള്ളി ഉമിച്ചി റോഡില്‍ കുമ്പളപ്പള്ളിയില്‍ പാലം വന്നതോടെ മൂര്‍ഖന്‍വള്ളി ഭാഗത്തേക്കുള്ള യാത്ര കൂടുതല്‍ ദുഷ്കരമായിരുന്നു.

കുത്തനെയുള്ള ഇറക്കത്തിലൂടെ കാല്‍നടയാത്ര പോലും പ്രയാസകരമായ സാഹചര്യമാണ് നിലനിന്നിരുന്നത്. ഇതോടെ പ്രദേശവാസികളുടെ യാത്രാദുരിതം ഇരട്ടിയായി. പുതിയ പാലം പൂര്‍ത്തിയായതോടെ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരമായ ആശ്വാസത്തിലാണ് നാട്ടുകാര്‍. വര്‍ഷങ്ങളായി നാട്ടുകാര്‍ ഉന്നയിച്ചിരുന്ന റോഡ് പാലമെന്ന ആവശ്യം യാഥാര്‍ഥ്യമായതോടെ പ്രദേശത്തിന്‍റെ ഗതാഗത സൗകര്യത്തിലും പുരോഗതിയുണ്ടാകും. മരപ്പാലത്തെ ആശ്രയിച്ചുള്ള അപകടകരമായ യാത്ര ഒഴിവാക്കാനും മഴക്കാലത്തുപോലും സുഗമമായ യാത്ര ഉറപ്പാക്കാനും പുതിയ പാലം സഹായകമാകും.

ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും സിപിഎം നേതൃത്വത്തിന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് പാലം യാഥാര്‍ഥ്യമായത്.നിര്‍മ്മാണം തുടങ്ങി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പണിപൂര്‍ത്തീകരിച്ചിരിക്കുകയാണ് കരാര്‍ കമ്പനിയായ കെ ആന്‍ഡ് സി ബില്‍ഡേഴ്സ്. പുതിയ പാലം തുറന്നുകൊടുക്കുന്നതോടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ചിമ്മത്തോട്, വരയില്‍, മൂര്‍ഖന്‍വള്ളി പ്രദേശവാസികള്‍.