മുസ്ലിം പെണ്‍കുട്ടികളെ വിമര്‍ശിച്ച് മന്ത്രി ഷാജി നടത്തിയ പ്രസംഗം വിവാദമായി

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയിലെ വളര്‍ച്ചയെയും അവരുടെ ചിന്താഗതികളെയും കുറിച്ച് മന്ത്രി കെ.എം. ഷാജി നടത്തിയ പ്രസംഗം പുതിയ വിവാദത്തിന് തിരികൊളുത്തി. വിദ്യാഭ്യാസപരമായി മുന്നോട്ടുപോയ മുസ്ലിം പെണ്‍കുട്ടികള്‍ വിശ്വാസപരമായി പിന്നാക്കം പോകുന്നതായി മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഒരു മന്ത്രിയെ പോലെയല്ല മതപണ്ഡിതനെപ്പോലെയാണ് കെ.എം. ഷാജി സംസാരിച്ചതെന്നും ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നും ആരോപിച്ചാണ് വിവാദമുയരുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാല സി.എച്ച്. ചെയര്‍ സംഘടിപ്പിച്ച 'ഡെമോക്രസി ആന്‍ഡ് ഡെവലപ്മെന്‍റ്' എന്ന വിഷയത്തിലെ ദേശീയ സെമിനാറില്‍ കെ.എം.ഷാജി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നുണ്ടെങ്കിലും അവര്‍ നിരീശ്വരവാദികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്ന ആശങ്കയാണ് കെ. എം. ഷാജി പ്രധാനമായും പ്രകടിപ്പിച്ചത്. സമുദായവും സംഘടനകളും ഈ പെണ്‍കുട്ടികളെ ശരിയായ രീതിയില്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസപരമായി മുന്നേറിയ മുസ്ലിം പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും നിരീശ്വരവാദികളുടെ ആശയങ്ങളെയും സോഷ്യല്‍ മീഡിയ പേജുകളെയുമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചു. മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ വന്നിട്ടുള്ള മാറ്റത്തെ ഒരു സാധാരണ മുന്നേറ്റമായി കാണാന്‍ കഴിയില്ലെന്നും, അതിനെ ഒരു 'ചാട്ടം' എന്ന് പറയാനാണ് കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ 'ചാട്ടം' കൊണ്ട് മന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിമര്‍ശകര്‍ ആവശ്യപ്പെടുന്നു. സി.എച്ച്. മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുടെ ശ്രമഫലമായാണ് പെണ്‍കുട്ടികള്‍ വീടുകളില്‍ നിന്ന് സ്കൂളുകളിലേക്കും കലാലയങ്ങളിലേക്കും എത്തിയതെന്നും, എന്നാല്‍ ഈ പെണ്‍കുട്ടികളുടെ വളര്‍ച്ചയെ കൃത്യമായ ദിശയില്‍ നയിക്കാനോ അഭിസംബോധന ചെയ്യാനോ രാഷ്ട്രീയമത സംഘടനകള്‍ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം ആശങ്കപ്പെട്ടു. കൃത്യമായ വഴികാട്ടല്‍ ലഭിക്കാത്തതുകൊണ്ട് പെണ്‍കുട്ടികള്‍ നിരീശ്വരവാദികളായ ആളുകളുടെ ഫോളോവേഴ്സായി മാറുകയും വിശ്വാസപരമായി വഴിതെറ്റിപ്പോവുകയും ചെയ്യുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഒരു ജനപ്രതിനിധിയോ ഭരണഘടനാ പദവിയോ അലങ്കരിക്കുന്ന വ്യക്തി ഒരു മതനേതാവിനെയോ പണ്ഡിതനെയോ പോലെ പെണ്‍കുട്ടികളെ ഉപദേശിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ഔചിത്യമല്ലെന്ന വിമര്‍ശനമാണ് ശക്തമാകുന്നത്. 18 വയസ്സ് തികഞ്ഞ ഏതൊരു പൗരനും തങ്ങള്‍ക്ക് ഇഷ്ടമുള്ള മതമോ നിരീശ്വരവാദമോ ആശയങ്ങളോ തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ഈ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകളെന്നും, എല്ലാ വിഭാഗം ജനങ്ങളോടും വോട്ട് ചോദിച്ചു ജയിക്കുന്ന പൊതുപ്രതിനിധികള്‍ ഇത്തരം ഉപദേശങ്ങളുമായി വരുന്നത് പ്രതിഷേധാര്‍ഹമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.