നീലേശ്വരം: യുവജന കായിക മന്ത്രി ഒ. ജെ. ജനീഷിന്‍റെ ഔദ്യോഗിക വാഹനം തടഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 14 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. നീലേശ്വരം, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മേഖലകളില്‍ നിന്നായി 15 പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ചാളക്കടവിലെ അഭിജിത്ത് (33), എരികുളം പള്ളത്തുവയലിലെ ഇ. സുധീഷ് (32), കോട്ടപ്പുറം ആനച്ചാലിലെ കെ.വി. പ്രമോദ് (43), ഓര്‍ച്ചയിലെ എ.കെ. രാജേഷ് (39), കരിന്തളം പാറക്കോലിലെ ടി. ആദര്‍ശ് (23), മൂലപ്പള്ളിയിലെ സാബിന്‍ സത്യന്‍ (30) എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് പത്തുപേരെയും പ്രതികളാക്കി നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
കാഞ്ഞങ്ങാട്ട് മന്ത്രിയുടെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബ്ലോക്ക്, മേഖലാ ഭാരവാഹികളായ നിധിന്‍ കുശാല്‍നഗര്‍, അനീഷ് ചാമുണ്ടിക്കുന്ന്, സബിന്‍ കോവ്വല്‍പള്ളി, അഖില്‍ ഒഴിഞ്ഞവളപ്പ്, വിനീഷ് കിഴക്കുംകര എന്നിവരാണ് അറസ്റ്റിലായത്. ഇവരെയും കോടതി റിമാന്‍ഡ് ചെയ്തു. തൃക്കരിപ്പൂരില്‍ മന്ത്രിയെ തടഞ്ഞ സംഭവത്തില്‍ നിഖില്‍, രാഹുല്‍, വിജേഷ് എന്നിവരടക്കം 13 പേര്‍ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
കുറ്റിക്കോല്‍ പഞ്ചായത്ത് ഓഫീസിന് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ ബേഡകം പൊലീസും കേസെടുത്തിട്ടുണ്ട്. മുന്നാട്ടെ ദര്‍ശന, ബേഡകത്തെ ദിപിന്‍, മുന്നാട് റോഷ്നി, കുറ്റിക്കോലിലെ നിവേദ്, ഗയന്‍, സുധീഷ്, കൊളത്തൂരിലെ വിഷ്ണു, ജിഷ്ണു, കുറ്റിക്കോലിലെ പ്രതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. വിവിധ സ്ഥലങ്ങളിലായി മന്ത്രിയുടെ വാഹനം തടഞ്ഞ സംഭവങ്ങളില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.