കോവളം സ്പാ പീഡനക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കോവളം സ്പായിലെ പീഡനക്കേസില്‍ നിര്‍ണായക വഴിതിരിവ്. സ്പാ ഉടമയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അനുരൂപിന് അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അനുരൂപിന്‍റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും മുമ്പും ലൈംഗിക ചൂഷണത്തിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം.

ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത് കോവളത്തിന് പുറമേ വിഴിഞ്ഞത്തും പൊഴിയൂരിലുമുള്ള അനുരൂപിന്‍റെ മറ്റ് സ്പായിലെ വനിതാ ജീവനക്കാരുടെ വിവരങ്ങളും അന്വേഷണസംഘം സമാഹരിച്ചുവരികയാണ്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരിക്കായി പൊലീസ് ഇപ്പോള്‍ വലവിരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കേരളത്തിലേക്ക് എത്തിച്ചിരുന്നത് ഇവരായിരുന്നു. അതേസമയം കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം എസിപിക്കായിരിക്കും പുതിയ അന്വേഷണ ചുമതല. കോവളം സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഘത്തില്‍ തുടരും. ഇതിനിടെ, പീഡനത്തിനിരയായ പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്‍റെ നീക്കം.

കേസ് സംബന്ധിച്ച് അന്വേഷണത്തിനായി തമിഴ്നാട് ഗുഡുവാഞ്ചേരി പൊലീസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. സിഡബ്ല്യുസിയുടെ അനുമതി തേടിക്കൊണ്ട് തമിഴ്നാട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും, നാളെയോടെ പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്നും അധികൃതര്‍ അറിയിച്ചു. കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനായി നെയ്യാറ്റിന്‍കര കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. സ്പാ നടത്തിപ്പുകാരായ സുജിത്ത്, നിശാന്ത് എന്നിവരെയായിരിക്കും ആദ്യം കസ്റ്റഡിയില്‍ വാങ്ങുക. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ മുഖ്യപ്രതിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അനുരൂപിന്‍റെ മറ്റ് സ്പകളിലും അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തിലും ഉടന്‍ തീരുമാനമുണ്ടാകും.

സ്പാ കേസ്; ഉദ്യോഗസ്ഥര്‍ ആന്ധ്രയിലേക്ക്

തിരുവനന്തപുരം: കോവളം സ്പാ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ന് ആന്ധ്രയിലേക്ക് തിരിച്ചു. ഇരയായ16 കാരിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പെണ്‍കുട്ടി പഠിച്ച സ്കൂളില്‍ തെളിവെടുക്കുകയും സഹോദരിയുടെ മൊഴി എടുക്കുകയും ചെയ്യും. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥാനെ മാറ്റിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം എസിപി സി ചന്ദ്രകുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. അന്തര്‍ സംസ്ഥാന ബന്ധം തെളിഞ്ഞതിനെ തുടര്‍ന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ അനേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ എങ്ങനെ തലസ്ഥാനത്തെ സ്പാകളിലെത്തിച്ചു? ആരാണ് ഇടനിലക്കാരായത് എന്നീ വിവരങ്ങള്‍ അന്വേഷിക്കും. അറസ്റ്റിലായ അഞ്ചുപേരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാണ്.