സഹകരണ മേഖലയില്‍ കള്ളപ്പണം; ബാങ്കുകളില്‍ ഇ.ഡി. റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് ആരംഭിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വിവിധ സംഘങ്ങളായി ഇ.ഡി. പരിശോധന തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) എടുത്ത കേസുകളിലാണ് ഇ.ഡി.യുടെ ഈ പരിശോധന. ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ നേരത്തെ ഉള്‍പ്പെടുകയും അറസ്റ്റിലാവുകയും ചെയ്തവരുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് പരിശോധന പ്രധാനമായും നടക്കുന്നത്. കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ് പുറത്തുവന്നതിന് പിന്നാലെ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഇ.ഡി.ക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി സഹകരണ ബാങ്കുകള്‍ ഇ.ഡി.യുടെ നിരീക്ഷണത്തിലാവുകയും, പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പിന്നാലെ ഇ.ഡി. കേസ് എടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. എറണാകുളത്ത് അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലും അതിനോട് അനുബന്ധിച്ചുള്ള കേന്ദ്രങ്ങളിലുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തില്‍ തട്ടിപ്പ് നടന്ന സമയത്ത് അങ്കമാലി, കാലടി പ്രദേശങ്ങളിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായിരുന്നു ബാങ്ക് ഭരണസമിതിയിലുണ്ടായിരുന്നത്. ഇവരില്‍ പലരും കേസില്‍ പ്രതികളാവുകയും ചെയ്തിട്ടുണ്ട്.

എറണാകുളത്തിനും തൃശ്ശൂരിനും പുറമേ, കോഴിക്കോട് ഇ.ഡി. യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഏഴോളം കേന്ദ്രങ്ങളില്‍ റെയ്ഡ് പുരോഗമിക്കുന്നുണ്ട്. 32 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്ന പരാതിയെത്തുടര്‍ന്നാണ് തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഇ.ഡി. പരിശോധന നടത്തുന്നത്. കുട്ടനെല്ലൂര്‍ ബാങ്കിന് പുറമേ തൃശ്ശൂര്‍ ജില്ലയില്‍ നാലിടങ്ങളിലായി ഇ.ഡി. റൈഡ് നടത്തുന്നുണ്ട് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിന് സമാനമായ രീതിയിലാണ് കുട്ടനെല്ലൂരിലും ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. ബിനാമി പേരുകളില്‍ വായ്പകള്‍ നല്‍കുക, വ്യാജരേഖകള്‍ നിര്‍മ്മിച്ച് വായ്പ അനുവദിക്കുക തുടങ്ങിയവയാണ് ഇവിടെ നടന്ന പ്രധാന തട്ടിപ്പുകളെന്നാണ് വിവരം. മൂല്യം കുറഞ്ഞ ഭൂമി ഈടായി പണയപ്പെടുത്തി ബിനാമികളുടെ പേരില്‍ വായ്പകള്‍ നല്‍കിയതായും രേഖകളില്‍ കൃത്രിമം കാണിച്ചതായും പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു. 2017 മുതല്‍ ബാങ്കിലുണ്ടായ കിട്ടാക്കടങ്ങള്‍ സ്ഥാപനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. വലിയ തുക വായ്പയായി നല്‍കിയതും ആ തുകകള്‍ തിരിച്ചടവായി ലഭിക്കാതെ പോയതുമാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ബിനാമി വായ്പകളാണ് കുട്ടനെല്ലൂര്‍ ബാങ്കിന് ഏറ്റവും വലിയ പ്രശ്നമായി നിലനിന്നിരുന്നത്. റിസോര്‍ട്ട് ഉടമയായ സുധാകരന്‍ നല്‍കിയ പരാതിയിലാണ് തട്ടിപ്പ് വിവരം ആദ്യമായി പുറത്തുവന്നത്.