നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്‍ എംഡിഎംഎ വേട്ട

നീലേശ്വരം:നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മഞ്ചേശ്വരം മംഗല്‍പാടി സ്വദേശികളായ അഹമ്മദ് റുക്സാദ് (33),അബ്ദുല്‍ ഹമീദ് ( 30) എന്നിവരെയാണ് നീലേശ്വരം സി.ഐ പ്രശാന്ത്, ഹോസ്ദുര്‍ഗ് സി.ഐ കെ.പി. ഷൈന്‍, നീലേശ്വരം എസ്.എച്ച്.ഒ സി.എം. സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ നിന്ന് അരക്കിലോയോളം എംഡിഎംഎ പിടികൂടിയതായാണ് പ്രാഥമിക വിവരം. പഞ്ചാബില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് നീലേശ്വരത്ത് എത്തിച്ച് കൈമാറുന്നതിനായി കാത്തുനിന്നവരാണ് പിടിയിലായതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ രണ്ട് സഹായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. മയക്കുമരുന്ന് എത്തിച്ചതിനു പിന്നിലെ സംഘത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.