ന്യൂഡല്‍ഹി: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒടുക്കാത്തവര്‍ക്ക് വലിയ പണി വരുന്നു. ഇവര്‍ക്ക് വാഹന, ഡ്രൈവിംഗ് ലൈസന്‍സ് സേവനങ്ങള്‍ പിഴ അടയ്ക്കുന്നതുവരെ ലഭ്യമാകില്ല. ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം (1989) പരിഷ്കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തു. പുതിയ ചട്ടപ്രകാരം, പിഴ ഒടുക്കാത്ത വാഹനങ്ങളെ പരിവാഹന്‍ പോര്‍ട്ടലില്‍ 'നോട്ട് ടു ബി ട്രാന്‍സാക്ടഡ്' എന്ന് രേഖപ്പെടുത്തും. എന്നാല്‍ കോടതിയിലോ വിധിനിര്‍ണയ അതോറിറ്റിയിലോ ചലാന്‍ തീര്‍പ്പാക്കാതെ കിടക്കുമ്പോള്‍ ഈ നിയന്ത്രണം ബാധകമാകില്ല. ഗതാഗത നിയമലംഘനങ്ങളില്‍ സമയബന്ധിതമായി ഇലക്ട്രോണിക് വിധിനിര്‍ണയം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. തീരുമാനങ്ങള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തണമെന്നും പുതിയ ചട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നു. പിഴ സമയബന്ധിതമായി ഒടുക്കിയില്ലെങ്കില്‍ വാഹന പുക പരിശോധന, രജിസ്ട്രേഷന്‍ പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ അപേക്ഷകള്‍ പരിഗണിക്കില്ല. പിഴ പൂര്‍ണമായും അടച്ച് തീര്‍ത്തതിനുശേഷം മാത്രമേ സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ. കുടിശികയുള്ള വിവരം വാഹന ഉടമയ്ക്ക് ഇ-മെയില്‍, എസ്എംഎസ് എന്നിവ വഴി ലഭിക്കും. പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍വന്ന് ആറ് മാസത്തിനകം ഗതാഗത പിഴകള്‍ തീര്‍പ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കേന്ദ്രത്തിന്‍റെ കരട് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്ക് കീഴിലുള്ള ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് ചട്ടക്കൂടിന്‍റെ പരിഷ്കരണത്തിന്‍റെ ഭാഗമാണ് പുതിയ ഭേദഗതികള്‍. നിയമങ്ങള്‍ അന്തിമമാക്കുന്നതിന് മുമ്പ് 30 ദിവസത്തേക്ക് കരട് വിജ്ഞാപനത്തില്‍ എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് സമയത്ത് പിഴ ഒടുക്കിയില്ലെങ്കില്‍ വരുന്നത് മുട്ടന്‍ പണി
You may also like