റേഷന്‍കടകളിലെ കള്ളത്തൂക്കം പിടിക്കാന്‍ ഇ-ത്രാസ് വരുന്നു

തിരുവനന്തപുരം: കള്ളത്തൂക്കം പിടിക്കാനും അര്‍ഹരുടെ കൈകളില്‍ത്തന്നെ റേഷന്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി റേഷന്‍കടകളില്‍ ഇനിരീക്ഷണം ഊര്‍ജിതമാക്കുന്നു. ഇതിനായി എല്ലാ റേഷന്‍കടകളിലും ഇലക്ട്രോണിക് അളവുതൂക്കയന്ത്രം നിര്‍ബന്ധമാക്കും. അവയെ ഇ-പോസ് യന്ത്രവുമായി സംയോജിപ്പിച്ച് റേഷന്‍വിതരണം സുതാര്യമാക്കുകയാണ് ലക്ഷ്യം. റേഷന്‍വിതരണ സോഫ്റ്റ്വേറില്‍ ഗുണഭോക്താവിന്‍റെ ചിത്രം തെളിയുന്നതരത്തില്‍ കടകളെല്ലാം ആധുനികീകരിക്കുമെന്ന് ഭക്ഷ്യപൊതുവിതരണവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇ-പോസും ഇ-അളവുതൂക്കയന്ത്രവും സംയോജിപ്പിച്ച് റേഷന്‍വിതരണം കാര്യക്ഷമമാക്കാന്‍ കേന്ദ്രനിര്‍ദേശം വന്നിട്ട് വര്‍ഷങ്ങളായി. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇതിനൊരു ശ്രമമുണ്ടായെങ്കിലും നടപ്പിലായില്ല. ചില റേഷന്‍കടക്കാര്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തതിന്‍റെ മുഴുവന്‍ തുകയും അടയ്ക്കാറില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച പരാതി. അളവിലുള്ള വ്യത്യാസവും ചില ഘട്ടങ്ങളില്‍ കരിഞ്ചന്തയും പൂഴ്ത്തിവെയ്പുമൊക്കെ ശ്രദ്ധയില്‍പ്പെട്ടു.കേന്ദ്രസര്‍ക്കാരാവട്ടെ, റേഷന്‍വിതരണത്തില്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ തുടര്‍ച്ചയായി നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇ-നിരീക്ഷണ പദ്ധതി.